വാട്ടര്‍ ടാങ്ക് വീണ് കുട്ടി മരിച്ച സംഭവം:വാട്ടര്‍ അതോറിറ്റി എഞ്ചിനിയര്‍ അറസ്റ്റിൽ

single-img
28 June 2016

watertank-668x350കൂറ്റന്‍ വാട്ടര്‍ ടാങ്ക് വീടിനു മുകളില്‍ വീണ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മഞ്‌ജേഷ് ആണ് അറസ്റ്റിലായത്. അപകടത്തെ തുടര്‍ന്ന് ജലവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്റു ചെയ്തിരുന്നു.
എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക ബിജു ഭവനത്തില്‍ ആഞ്ചലോസിന്റെ മകന്‍ അഭി ഗബ്രിയേല്‍ (ഏഴ്) ആണ് ടാങ്ക് വീണ് മരിച്ചത്.അഭിയുടെ അമ്മ ബീന (28), സഹോദരി സ്‌നേഹ (നാല്) എന്നിവരെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശുദ്ധജലപദ്ധതിക്കായി സ്ഥാപിച്ചിരുന്ന ടാങ്കും അത് ഉറപ്പിച്ചിരുന്ന ഇരുമ്പുതൂണും വീടിലേയ്ക്ക് മറിയുക ആയിരുന്നു.ഷീറ്റ് മേഞ്ഞ വീട് പൂര്‍ണ്ണമായും തകര്‍ത്ത് വെള്ളത്തോട് കൂടി പതിച്ച് ടാങ്ക് പൊട്ടിച്ചിതറി. ഷീറ്റ് ഉള്‍പ്പടെ ദേഹത്ത് വീണാണ് കുട്ടി മരിച്ചത്.

പട്ടികജാതി-റവന്യൂ വകൂപ്പുകളുടെ സംയുക്ത ഫണ്ടായ 48 ലക്ഷം രൂപ ചിലവില്‍ നടപ്പാക്കിയ ശുദ്ധജല പദ്ധതിക്കായി നിര്‍മ്മിച്ച ടാങ്കാണിത്. ആഴത്തിലും ബലത്തിലും കുഴിച്ചിടാത്തതുകൊണ്ട് ഒരുവശത്തേക്ക് പിഴുതാണ് ടാങ്ക് വീണത്. നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷണമുണ്ടായില്ല.പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ടാങ്കിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.