ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍

single-img
25 June 2016

13509796_563597377182302_1262398826_o
സംസ്ഥാനത്ത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. സിനിമയിലേതുപോലെ സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിക്കണം എന്നും സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണം എന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കത്തു നല്‍കിയിരിക്കുകയാണ്.സീരിയലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ നിലവില്‍ സര്‍ക്കാരിനു അധികാരമില്ലാത്തതിനാല്‍ ആണ് സെന്‍സര്‍ബോര്‍ഡ് പോലെയുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്.

സംസ്ഥാനത്ത് സംപ്രേഷണം ചെയ്യുന്ന പല സീരിയലുകളുടെയും ഉള്ളടക്കം സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. പല സീരിയലുകളും കുടുംബസമേതമിരുന്ന് കാണുന്നതിനുള്ള നിലവാരമില്ലാത്തതാണെന്നും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണെന്നും പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.

ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷ അടക്കം പലരും സീരിയലുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. നാട്ടില്‍ നടക്കുന്ന അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും സീരിയല്‍ കാരണമാകുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കമാല്‍ പാഷെയുടെ പ്രതികരണം.