നഴ്സിങ് വിദ്യാർഥിനിയുടെ റാഗിങ്;അറസ്റ്റിലായ വിദ്യാര്‍ഥിനികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു;ഒരാള്‍ക്ക്‌ ദേഹാസ്വാസ്‌ഥ്യം

single-img
25 June 2016

RAGGING
ബെംഗളൂരു ∙ കര്‍ണാടക കലബുറഗിയിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ കേസില്‍ അറസ്റ്റിലായ സീനിയര്‍ മലയാളി വിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.ള്ളിയാഴ്ച അര്‍ധരാത്രിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് വിദ്യാര്‍ഥിനികളെ പോലീസ് ഹാജരാക്കിയത്.

ഒന്നും രണ്ടും പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി. ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ മൂന്നാം പ്രതി കൃഷ്‌ണപ്രിയയെ ആശുപത്രിയിലേക്ക്‌ മാറ്റി. നാലാംപ്രതി ശില്‍പ്പയ്‌ക്കായി തെരച്ചില്‍ തുടരുകയാണ്‌. റാഗിംഗിനിരയായ അശ്വതിയുടെ റൂംമേറ്റ്‌ നികിതയുടെ മൊഴി അനുസരിച്ചായിരുന്നു മൂന്നു പേരെയും അറസ്‌റ്റ് ചെയ്‌തത്‌.

ചോദ്യംചെയ്യലില്‍ റാഗിങ് നടന്നതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് കലബുറഗി എസ്പി അറിയിച്ചു. എന്നാല്‍ അശ്വതിയെ ടോയ്‌ലറ്റ് ക്ലീനര്‍ ടോയ്‌ലറ്റ്കുടിപ്പിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇവര്‍. സംഭവത്തില്‍ കോളേജിനെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം, റാഗിങ്ങിനിരയായ നഴ്സിങ് വിദ്യാർഥിനിയുടെ മൊഴിയെടുക്കാൻ കർണാടക പൊലീസ് കോഴിക്കോട്ടെത്തി. ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കലബുറഗി അല്‍-ഖമാര്‍ നഴ്‌സിങ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തറവൃത്തിയാക്കാന്‍ ഉപയോഗിച്ച ഫിനോള്‍ ദ്രാവകം കുടിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ മാസം നടന്ന സംഭവത്തെ തുടര്‍ന്ന് അന്നനാളം ഉരുകി വെള്ളംപോലും ഇറക്കാനാകാത്ത അവസ്ഥയില്‍ കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.