ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ഇല്ല

single-img
24 June 2016

CHINA-INDIA-DIPLOMACY

ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (എന്‍എസ്ജി) അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷ തള്ളി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാത്ത രാജ്യങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് സോളില്‍ ചേര്‍ന്ന എന്‍എസ്ജിയുടെ പ്ലീനറി സമ്മേളനത്തില്‍ തീരുമാനമെടുത്തു.
48 രാജ്യങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ചൈന, സ്വിറ്റ്‌സര്‍ലന്റ് അടക്കമുള്ള ചില രാജ്യങ്ങള്‍ എന്‍എസ്ജിയില്‍ ഇന്ത്യക്കുള്ള അംഗത്വം എതിര്‍ത്തു. ബ്രസീല്‍, ഓസ്ട്രിയ, അയര്‍ലണ്ട്, തുര്‍ക്കി, ന്യൂസിലന്റ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്തിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തതാണ് ഇന്ത്യയെ എതിര്‍ക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. സമ്മേളനത്തില്‍ ഇന്ത്യയുടെ കാര്യം പ്രത്യേകം ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും അന്തിമ ഘട്ടത്തില്‍ ഇത് തള്ളുകയായിരുന്നു.

ചൈനയുടെ എതിര്‍പ്പ് മറികടക്കാന്‍ അവസാനവട്ട നീക്കമെന്ന നിലയ്ക്ക് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ അതും ഫലപ്രാപ്തിയിലെത്തിയില്ല. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഇന്ത്യ ഒപ്പുവയ്ക്കാത്തതാണു പ്രവേശനത്തിനു തടസ്സം. നേരത്തെ പാകിസ്ഥാനം ചൈനയുമായിരുന്നു ഇന്ത്യയുടെ അംഗത്വത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത്. എന്നാല്‍ പാകിസ്ഥാന്റെ അംഗത്വം സമ്മേളനത്തില്‍ ചര്‍ച്ചയായില്ല.