യു.ഡി.എഫിന്റെ മദ്യനയം തള്ളി സര്‍ക്കാരിന്റെ നയപ്രഖ്യാപനം.

single-img
24 June 2016

bar-closure

യു.ഡി.എഫിന്റെ മദ്യനയം തള്ളി പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ബാറുകള്‍ അടച്ചതോടെ സംസ്ഥാനത്ത് ലഹരി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചുവെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.യു.ഡി.എഫിന്റെ മദ്യനയം ഫലം ചെയ്തില്ലെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

യു.ഡി.എഫ്. നയം പുന:പരിശോധിക്കുമെന്നും എല്ലാ തലത്തില്‍നിന്നുമുള്ള ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമേ പുതിയ മദ്യനയം രൂപീകരിക്കൂ എന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ കേരളത്തില്‍ മദ്യഉപഭോഗം കുറഞ്ഞില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മദ്യനിരോധനം പ്രായോഗികമല്ലെന്നും അവര്‍ പറയുന്നു. ഇതിന്റെ അര്‍ഥം കൂടുതല്‍ ബാറുകള്‍ സംസ്ഥാനത്ത് തുറക്കാന്‍ പോകുന്നു എന്നാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ്-എം നിയമസഭാ കക്ഷി നേതാവ് കെ.എം.മാണി എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു.