മാരകമായ കരള്‍രോഗം ബാധിച്ച മകള്‍ക്ക് ദയാവധം ആവശ്യപ്പെട്ട് ദരിദ്ര കുടുംബം

single-img
24 June 2016

51466744936_625x300

മാരകമായ കരള്‍രോഗം ബാധിച്ച എട്ടുമാസം പ്രായമുള്ള മകളുടെ ദയാവധം ആവശ്യപ്പെട്ട് ദരിദ്ര കുടുംബം.ചിറ്റൂരിലെ രമണപ്പയും ഭാര്യ സരസ്വതിയും. ഇവരുടെ മകള്‍ ജ്ഞാന സായിക്ക് ദയാവധം വേണമെന്നാണ് പ്രാദേശിക കോടതിയില്‍ അപേക്ഷിച്ചിരിക്കുന്നത്.സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ മകളുടെ ചികിത്സ മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്നും തുടര്‍ ചികിത്സയ്ക്ക് 50 ലക്ഷത്തോളം രൂപ ആവശ്യമാണെന്നും ഇവര്‍ കോടതിയെ അറിയിച്ചു.

രമണപ്പ ഒരു പലചരക്ക് കടയിലെ ജീവനക്കാരനാണ്. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ട് മകളെ ചികിത്സിക്കാന്‍ തികയുന്നില്ല. ആശുപത്രി ബില്‍ അടയാക്കാന്‍ പണമില്ലാത്തതിനാല്‍ പലപ്പോഴും ചികിത്സ മുടങ്ങുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും ജ്ഞാന സായിയുടെ ആരോഗ്യ നില വഷളായി കൊണ്ടിരിക്കുകയാണ്.തുടര്‍ന്നാണ് ദയാവധം നടത്താമെന്ന് രമണപ്പയും കുടുംബവും തീരുമാനിച്ചത്.

എന്നാല്‍ അധികാരപരിധിക്ക് പുറത്തുള്ള കേസായതിനാല്‍ കോടതി വിധി പ്രഖ്യാപിച്ചില്ല. പകരം ജില്ലാകോടതിയെയോ ഹൈദരാബാദ് ഹൈക്കോടതിയെയോ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഒരുമാസം തന്നെ അമ്പതിനായിരം രൂപയോളമാണ് മരുന്നുകള്‍ക്ക് മാത്രമായി വേണ്ടിവരുന്നത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും കടംവാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് ഇവര്‍ ഇതുവരെ ചികിത്സ നടത്തിയിരുന്നത്.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിയോജക മണ്ഡലമാണ് ചിറ്റൂര്‍.