സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി:ഗവർണ്ണർ

single-img
24 June 2016

screen-10.07.56[24.06.2016]പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

അഴിമതിക്കെതിരേ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം അവസാനിപ്പിക്കുമെന്നും കേരളത്തെ പട്ടിണിമുക്തമാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തി. ഈ സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കത്തിനു നടപടി സ്വീകരിക്കും. ജനങ്ങളുടെ പിന്തുണയോടെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി ഗൗരവമായ കാര്യങ്ങളാണ് 11 ദിവസം കൊണ്ട് തീര്‍ക്കേണ്ടത്. ഇന്ന് മുന്‍സ്പീക്കര്‍ ടി.എസ് ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. റമസാനായതിനാല്‍ ജൂലൈ ഒന്നു മുതല്‍ എഴുവരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കും. ഇതിനൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും. തുടര്‍ന്ന് ബജറ്റിന്‍ മേലുള്ള ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും ഈ സഭാസമ്മേളനത്തില്‍ തന്നെയുണ്ടാകും.സിപിഐയിലെ വി. ശശിയാണ് എല്‍ഡിഎഫിന്റെ ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി.