അന്യായമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ജനങ്ങൾക്ക് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്യവും കേന്ദ്രസർക്കാർ ഒഴിവാക്കുന്നു

single-img
23 June 2016

Modi-Anil-Ambani-Adaniപദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതുമായും മറ്റും ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്ന് കോടതിയിടപെടലുകളെ ഒഴിവാക്കാൻ നരേന്ദ്രമോദി സര്‍ക്കാര്‍ തയാറെടുക്കുന്നു. 1963ലെ സ്‌പെസിഫിക് റിലീഫ് ആക്റ്റിലെ വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച് പഠിച്ച ഉന്നതതല കമ്മിറ്റി നിയമമന്ത്രി സദാനന്ദ ഗൗഡയ്ക്ക് ചൊവ്വാഴ്ച റിപോര്‍ട്ട് സമര്‍പ്പിച്ചെന്ന് ഒരു ദേശിയ ദിനപ്പത്രം റിപോര്‍ട്ട് ചെയ്തു.ഇത് നടപ്പിലാകുന്നതോടെ വികസനത്തിന്റെ പേരില്‍ അന്യായമായി ഭൂമിഏറ്റെടുക്കുന്നതിനെതിരേ പൗരന്മാർക്ക് കോടതിയെ സമീപിയ്ക്കാൻ കഴിയാതെയാകും.

ടെണ്ടര്‍ വിളിക്കുക, കരാര്‍ നല്‍കുക തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതിയുടെ ഇടപെടലുകള്‍ കുറയ്ക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തെന്നാണറിയുന്നത്.
പല സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പ്രക്രിയക്കെതിരേ വ്യത്യസ്ത സര്‍ക്കാരിതര സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടെയും പരിഗണനയിലിരിയ്ക്കുമ്പോഴാണു കേന്ദ്രത്തിന്റെ പുതിയ നീക്കം. പദ്ധതികള്‍ക്കുമേല്‍ കോടതികളുടെയും ട്രൈബൂണലുകളുടെയും വിവേചനാധികാരം നിയന്ത്രിക്കാന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് നിയമമന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും നിയമമന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.