ദളിത് യുവതികളെ ജയിലിലടച്ച സംഭവം:ഷംസീറിനും ദിവ്യയ്ക്കുമെതിരേ കേസ്

single-img
21 June 2016

shamseer

ദളിത് പെണ്‍കുട്ടികളെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറിനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ആത്മഹത്യാ ശ്രമത്തിന് അഞ്ജനയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഞ്ജനയുടെ മൊഴിയെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് ഷംസീര്‍ പറഞ്ഞു. കേസെടുക്കുന്നതു സംബന്ധിച്ച് പോലീസ് ചൊവ്വാഴ്ച നിയമോപദേശം തേടിയിരുന്നു. ഷംസീറിന്റെയും ദിവ്യയുടെയും ആരോപണങ്ങളെ തുടര്‍ന്നാണ് താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.

സിപിഐഎമ്മുകാരുടെ ജാതിയധിക്ഷേപം നേരിട്ടതിന് ഓഫിസ് അക്രമിച്ചെന്ന പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടി അഞ്ജനയാണ് കഴിഞ്ഞ ദിവസം ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നേരത്തെ സിപിഐഎമ്മിന്റെ ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ തലശേരി കുട്ടിമാക്കൂലിലെ കുനിയില്‍ രാജന്റെ മകളായ അഞ്ജന, അഖില എന്നിവരെയാണ് ഒന്നരവയസുളള കുഞ്ഞിനൊപ്പം ജയിലിലേക്ക് അയച്ചത്.

ശനിയാഴ്ച രാത്രിയിലാണു ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാളായ അഞ്ജന ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതികളെ ആക്രമിച്ച കേസില്‍ നേരത്തെ മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തിരുന്നു.