ജിഷ വധക്കേസ്: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്, ഡിഎന്‍എ പരിശോധന സംബന്ധിച്ച് ദുരൂഹത

single-img
19 June 2016

prathiകൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് പ്രതി അമിറുള്ളിന്റെ ഇംഗിതത്തിന് വഴങ്ങാത്തത് കൊണ്ടെന്ന് പോലീസ്. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രതി അമീറുള്ളയാണെന്നതിന് ശക്തമായ തെളിവ് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിലില്ല. ഡിഎന്‍എ പരിശോധാഫലത്തില്‍ പ്രതിയുടെതെന്ന് സംശയിക്കുന്ന പുരുഷന്റെ ഡിഎന്‍എ കിട്ടിയെന്ന് പറയുന്നു. എന്നാല്‍ അത് അമീറുള്‍ ഇസ്ലാമിന്റെതാണെന്ന് പൊലിസ് ഉറപ്പിക്കുന്നില്ല. പൊലീസിന് കിട്ടിയ ചെരുപ്പ് അമീറുള്‍ ഇസ്ലമിന്റെതാണെന്ന് സുഹൃത്തുക്കള്‍ സമ്മതിച്ചതായി പറയുന്നു. പക്ഷേ ചെരുപ്പിലെ രക്തക്കറ ജിഷയുടെതാണ്. ഇയാള്‍ സംഭവ ദിവസം ആലുവയില്‍ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം നാടു വിട്ടു എന്നതും കൊലയാളി ഇയാളാണെന്ന് ഉറപ്പിക്കാന്‍ കാരണമായി പൊലീസ് ചുണ്ടിക്കാട്ടുന്നു. ഇയാള്‍ കുറ്റസമ്മതം നടത്തിയതാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് ഉറപ്പിക്കുന്നതിന് പറയുന്ന കാരണം.

 

അതേസമയം,ജിഷ വധക്കേസില്‍ കേരള പൊലീസ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെത്തി തെളിവെടുപ്പ് നടത്തി. കാഞ്ചീപുരം ശിങ്കിടിവാക്കത്ത് അമീറുല്‍ ജോലി ചെയ്തിരുന്ന കൊറിയന്‍ കമ്പനിയിലായിരുന്നു തെളിവെടുപ്പ്. ഇത് മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. ഡോങ്‌സെങ് കമ്പനി എച്ച്ആര്‍ മാനേജരുടെ മൊഴി രേഖപ്പെടുത്തി.

ഏകദേശം പതിനഞ്ചോളം ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചത്. അമീറുല്‍ എത്രദിവസം ജോലി ചെയ്തുവെന്നും ഏതൊക്കെ തിരിച്ചറിയല്‍ രേഖകളാണ് ആവശ്യപ്പെടാറുള്ളതെന്നും ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ റജിസ്‌ട്രേഷന്‍ നടത്താറുണ്ടോയെന്നും ആയിരുന്നു പ്രധാനമായും മാനേജരോട് ചോദിച്ചത്.

 

അതിനിടെ,ഡിഎന്‍എ പരിശോധന സംബന്ധിച്ചും ദുരൂഹതയേറുന്നു .കേസില്‍ 26 പേരുടെ ഡിഎന്‍എ ശേഖരിച്ച പോലീസ് 25 പേരുടെ ഡിഎന്‍എകള്‍ പരിശോധിച്ചത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വച്ചായിരുന്നുവെങ്കില്‍ അന്വേഷണ സംഘം പ്രതിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധന നടത്തിയത് തിരുവനന്തപുരത്തെ പൊലീസ് ലാബില്‍ വെച്ച്.

 

ജിഷകൊലപാതകക്കേസില്‍ ഡിഎന്‍എ പരിശോധന ഫലമാണ് പൊലീസിന്റെ പക്കലുളള ഏറ്റവും ആധികാരികമായ തെളിവ്. ശാസ്ത്രീയമായ ഈ തെളിവ് മതിയാകും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തിരുവന്തപുരത്ത് പൊലീസ് ലാബില്‍ ഡിഎന്‍എ പരിശോധിക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.