ജിഷ വധക്കേസ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

single-img
18 June 2016

prathi

ജിഷ വധക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക്് റിമാന്‍ഡ് ചെയ്തു. പ്രതിയെ കാക്കനാട് സബ്ജയിലിലേക്ക് കൊണ്ടുപോയി. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല.

കനത്ത സുരക്ഷയോടെയാണ് പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ എത്തിച്ചത്. പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്താകാത്തവിധം ഹെല്‍മെറ്റ് ധരിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കുകയും, പിന്നീട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്‌തത്. തിരിച്ചുകൊണ്ടുപോകുമ്പോള്‍ പൊലീസ് വാഹനത്തില്‍ കിടത്തിയാണ് ജയിലിലേക്ക് കൊണ്ടുപോയത്. പ്രതിയെ ഹാജരാക്കുന്ന സാഹചര്യത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. നൂറുകണക്കിന് ആളുകള്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

പതിനാല് ദിവസത്തെ റിമാന്റിന് വിട്ട പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്കയക്കാനാണ് കോടതി ഉത്തരവ്. ദ്വിഭാഷിയുടെ സഹായത്താല്‍ കോടതി നടപടിപടികളെക്കുറിച്ച് കോടതി പ്രതിയെ അറിയിച്ചു. കോടതി പ്രതിക്ക് നിയമസഹായം അനുവദിച്ചു. അഡ്വ.പി.രാജന്‍ പ്രതിക്കുവേണ്ടി ഹാജരായി.

പൊലീസ് മര്‍ദ്ദിച്ചോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അമീറുല്‍ ഇസ്ലാമിന്റെ മറുപടി. നിയമസഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വേണമെന്നും പറഞ്ഞു. ഇതേ തുടര്‍ന്നാണ് കോടതി നിയമസഹായം അനുവദിച്ചത്.

നേരത്തെ ഇയാളെ ആലുവ പോലീസ് ക്ലബ്ബില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിശദമായി ചോദ്യം ചെയ്തിരുന്നു. ഉച്ചക്ക് 1.45 ഓടെ ആലുവയിലെ പൊലീസ് ക്ലബില്‍ എത്തിയ ഡി.ജി.പി ഒന്നര മണിക്കൂറോളം പ്രതിയെ ചോദ്യംചെയ്തു. കൊലപാതകം സംബന്ധിച്ച സംഭവങ്ങള്‍ സമയക്രമത്തില്‍ ഇയാള്‍ പൊലീസിനോട് വിശദീകരിച്ചതായാണ് വിവരം.