ജിഷ കേസ് പ്രതിയെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും;പൊതുജന രോഷം ഭയന്ന് കനത്ത ജാഗ്രതയിൽ പോലീസ്.

single-img
17 June 2016

prathi

പെരമ്പാവൂരിലെ ദളിത്‌ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. അസാം സ്വദേശിയായ അമിയൂര്‍ ഇസ്‌ളാമിന്റെ അറസ്‌റ്റ് ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ രേഖപ്പെടുത്തിയിരുന്നു.പെരുമ്പാവൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. വിശദമായ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കലിനുമായി 15 ദിവസം പ്രതിയെ കസ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. അനൌദ്യോഗികമായി ഡിഎന്‍എ പരിശോധന നടത്തിയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

ദ്വിഭാഷിയുടെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുള്ള ശ്രമത്തിലാണ്‌ അന്വേഷണസംഘം‌. എല്ലാ സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും കോടതിയില്‍ എത്തിക്കുന്നതും തെളിവെടുപ്പിനായി കൊണ്ടുവരുന്നതും. ഇന്ന്‌ ഉച്ചയോടെ ഡിജിപി കൊച്ചിയില്‍ എത്തും. തിരിച്ചറിയല്‍ പരേഡ്‌ നടക്കേണ്ടതിനാല്‍ തല്‍ക്കാലം പ്രതിയെ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ എത്തിക്കില്ല.

കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പൊതുജന രോഷം ഉണ്ടാകാനിടയുള്ളതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്. ഇരുന്നൂറോളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചേക്കും.പ്രതിയെ കസ്റഡിയില്‍ വാങ്ങിയ ശേഷം തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്