ജിഷാവധം:പോലീസിനെ സഹായിച്ചത് വീടിന് സമീപത്തെ കനാലില്‍ നിന്ന് ലഭിച്ച ചെരിപ്പ്

single-img
16 June 2016

jisha-murder-chappalzഒന്നര മാസത്തോളം നീണ്ട ജിഷാവധക്കേസ്‌ അന്വേഷണത്തില്‍ പ്രതിയിലേക്ക്‌ പോലീസ്‌ നടത്തിയ നീക്കങ്ങള്‍ അതീവ രഹസ്യമായി.കൊലപാതകത്തിന്റെ രീതി വെച്ച്‌ അന്യസംസ്‌ഥാന തൊഴിലാളികളെ ആദ്യം തന്നെ സംശയിച്ച പോലീസ്‌ ജിഷയുടെ വീട്‌ നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളെ ആദ്യമേ സംശയിച്ചാണ്‌ അന്വേഷണം മുമ്പോട്ട്‌ കൊണ്ടുപോയത്‌. ജിഷ കൊല്ലപ്പെട്ടതിന്റെ അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വീടിന് സമീപത്തെ കനാലില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ ചെരുപ്പ് കിട്ടുന്നത്. നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന ജോലിക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന അത്ര വിലയില്ലാത്ത ചെരുപ്പാണിതെന്ന് ബോധ്യപ്പെട്ടു. കൂടാതെ ചെരുപ്പില്‍ സിമന്റ് പറ്റിയിരുന്നു. ഒപ്പം ചെരുപ്പില്‍ രക്തത്തിന്റെ അംശവും കണ്ടതോടെ സംശയം ബലപ്പെട്ടു.

അന്യ സംസ്‌ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ നിന്നും പ്രതിയെ കണ്ടെുത്തുക എന്നത്‌ പോലീസിന്‌ വലിയ തലവേദന തന്നെ സൃഷ്‌ടിച്ചിരുന്നു.ഫോണ്‍രേഖകളെ അടിസ്ഥാനപ്പെടുത്തിയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജിഷയുടെ ഫോണ്‍ പരിശോധിച്ചതില്‍ അന്യസംസ്ഥാനക്കാരായ ചിലരെ ജിഷ വിളിച്ചിട്ടുള്ളതായി പോലീസിന് ബോധ്യപ്പെട്ടു. ഇതാരാണെന്ന് സൂചനകള്‍ കിട്ടാന്‍ ജിഷയുടെ അമ്മയില്‍ നിന്നും സഹോദരിയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു. എന്നാല്‍ പോലീസ് പ്രതീക്ഷിച്ച വിവരങ്ങള്‍ അവരില്‍ നിന്ന് കിട്ടിയില്ല. ജിഷയുടെ വീടിന്റെ പണി ചെയ്ത ആളുകളിലേക്കായി അടുത്ത അന്വേഷണം. ഈ ഘട്ടത്തിലാണ് ചെരുപ്പ് വീണ്ടും പോലീസിനെ തുണച്ചത്. പെരുമ്പാവൂരിലേയും സമീപപ്രദേശങ്ങളിലേയും ചെരുപ്പുകടകളില്‍ പോലീസ് അന്വേഷണം നടത്തുന്നത്. അങ്ങനെയാണ് ചെരുപ്പുവിറ്റ കടക്കാരന്റെ മൊഴി നിര്‍ണായകമായി ലഭിക്കുന്നത്.

വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു അസം സ്വദേശിയായ പ്രതി ജിഷയുമായി പരിചയത്തിലാകുന്നത്‌. ജിഷയുടെ വീടിന്‌ സമീപം താമസിച്ചിരുന്ന ഇയാള്‍ക്ക്‌ ജിഷയില്‍ ലൈംഗിക താല്‍പ്പര്യം ഉണ്ടായിരുന്നു. സംഭവദിവസം രാവിലെ ബലാത്സംഗത്തിന്‌ ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. പിന്നീട്‌ വൈകിട്ട്‌ നാലു മണിയോടെ മദ്യപിച്ച്‌ വീട്ടില്‍ എത്തിയായിരുന്നു കൊലപാതകം നടത്തുകയായിരുന്നെന്നാണ്‌ വിവരം.