ഖജനാവില്‍ 700 കോടി മാത്രം; കടമെടുക്കാതെ മുന്നോട്ട് പോവാനാവില്ല: തോമസ് ഐസക്

single-img
28 May 2016

thomas-isaac
സംസ്ഥാന ഖജനാവിലുള്ളത് 700 കോടി രൂപ മാത്രമെന്ന് ധനമന്ത്രി തോമസ് െഎസക്. കടമെടുക്കാതെ പുതിയ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്റെ സാമ്പത്തിക നില ശരിയായ രീതിയില്‍ എത്താന്‍ മൂന്ന് കൊല്ലമെടുക്കും. എന്നാല്‍ ജീവനക്കാരുടെ ശമ്പളത്തിലും സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയത്തിലും കുറവു വരാതെ നോക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം തന്നെ ധനവകുപ്പ് വിലയിരുത്തിയിരുന്നു. ഉടന്‍ കൊടുത്തു തീര്‍ക്കേണ്ട ബാധ്യത മാത്രം ആറായിരം കോടിയുണ്ടെന്നാണ് കണക്ക് .കഴിഞ്ഞ സര്‍ക്കാറിെൻറ അവസാന കാലത്ത് പണമില്ലാത്തതിനാല്‍ ചെലവുകള്‍ മാറ്റിവെച്ചതാണ് ബാധ്യത ഇത്രയേറെ ഉയരാന്‍ കാരണം.

 

ഖജനാവ് ഓവര്‍ ഡ്രാഫ്റ്റില്‍ ആകുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം വകുപ്പുകളുടെ പദ്ധതികളില്‍ പലതിനും പണം നല്‍കിയിരുന്നില്ല. പകരം പിന്നീട് ചെലവാക്കാമെന്ന ധാരണയില്‍ ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പണം കിട്ടുന്ന മുറയ്ക്ക് അനുവദിക്കാമെന്ന ധാരണയിലാണിത്. ഇതും ഇപ്പോള്‍ നല്‍കണം.

 

മാര്‍ച്ച് മാസത്തെ ചെലവുകള്‍ക്കായി പല ക്ഷേമനിധികളില്‍നിന്നായി 1150 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഇതും ഉടന്‍ തിരിച്ചുനല്‍കണം. ഇതൊക്കെച്ചേര്‍ത്താണ് ബാധ്യത ആറായിരം കോടി രൂപയാവുന്നത്.