രാജധാനി എക്സ്പ്രസിനു മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ പാളത്തിൽ പാറക്കല്ലുകൾ നിരത്തി;മൂന്ന് കുട്ടികൾ അറസ്റ്റിൽ

single-img
26 May 2016

RAjdhani-express

 

ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ പാളത്തിൽ പാറക്കല്ലുകൾ നിരത്തിയതിനു മൂന്ന് കുട്ടികൾ അറസ്റ്റിൽ .രാജധാനി എക്സ്പ്രസിനു മുന്നിൽ നിന്ന് ഫോട്ടോ എടുക്കാനായിരുന്നു കുട്ടികളുടെ ശ്രമം.കുട്ടികളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ആണ് അറസ്റ്റു ചെയ്തത്.

 

ഫിറോസാബാദിലെ തുണ്ട്‌ലാ ജംഗ്ഷനില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. വേനല്‍ അവധിക്ക് തുണ്ട്‌ലയിലുള്ള ബന്ധു വീട്ടിലെത്തിയ പതിമൂന്നും പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. മികച്ച ഫ്രെയിമിലുള്ള ഫോട്ടോ എടുക്കാന്‍ തങ്ങളുടെ അടുത്തെത്തുമ്പോള്‍ ട്രെയിനിന്റെ വേഗത കുറയാനാണ് ട്രാക്കില്‍ ചരലുകളും കല്ലുകളും നിരത്തിയതെന്ന് ചോദ്യം ചെയ്യലില്‍ കുട്ടികള്‍ സമ്മതിച്ചിട്ടുണ്ട്.

 

കൈയില്‍ ക്യാമറയുമായി നില്‍ക്കുന്ന കുട്ടികളെ കണ്ട ലോക്കോപൈലറ്റ് ട്രെയിനിന്റെ വേഗത കുറച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്.സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയ കുട്ടികളെ ഫിറോസാബാദിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷകര്‍ത്താക്കള്‍ക്ക് കൈമാറി.