ബജറ്റ് ദിനത്തിലെ അക്രമത്തില്‍ പങ്കെടുത്ത എം.എൽ.എമാരിൽ ഭൂരിപക്ഷവും തിരഞ്ഞെടുപ്പിൽ തോറ്റു

single-img
21 May 2016

collash

 
2015 ലെ ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്ന അക്രമത്തിലെ പ്രധാനികളെയെല്ലാം തിരഞ്ഞെടുപ്പിൽ തോറ്റു.എങ്കിലും ചിലർ ഇത്തവണയും വലിയ ഭൂരിപക്ഷത്തിൽ തന്നെ നിയമസഭയിൽ എത്തി.കടിയും പിടിയും വലിയും പിന്നെ സ്പീക്കറുടെ വേദി തല്ലിത്തകർക്കലും തുടങ്ങി ഒട്ടേറെ കലാപരിപാടികളാണു ബജറ്റ് ദിനത്തിൽ അരങ്ങേറിയത്.ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാന്‍ ശ്രമിക്കുന്നതിനിടെയാണു ഭരണപ്രതിപക്ഷ കയ്യാങ്കളിയും അക്രമവും അരങ്ങേറിയത്. സ്പീക്കറുടെ വേദി തകര്‍ത്ത 15 എംഎല്‍എമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.

 

 

മുണ്ട് മടക്കിക്കുത്തി ഡയസിന് മുകളില്‍ കയറി നിന്ന് ശിവതാണ്ഡവം നടത്തിയ വി.ശിവന്‍കുട്ടി നേമത്ത് പരാജയപ്പെട്ടു. കയ്യാങ്കളിക്കിടെ ജമീലാ പ്രകാശം കടിച്ചു എന്ന പറഞ്ഞ ശിവദാസന്‍ നായര്‍ ജനങ്ങള്‍ ഒഴിവാക്കി. കടിച്ച ജമീല പ്രകാശത്തെയും ജനം വേണ്ടെന്നു വെച്ചു. ബഹളത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കെ.കെ.ലതികയും പരാജയപ്പെട്ടു. മാണിക്കു നേരെ പാഞ്ഞടുത്ത ബിജിമോളെ പാതിവഴിയില്‍ ചെറുത്തുനിര്‍ത്തിയ ഷിബു ബേബി ജോണും ഇനി സഭയിലില്ല. എന്നാല്‍ ബിജിമോള്‍ സഭയിലേക്ക് വീണ്ടും കടന്നുകൂടി. ശിവന്‍കുട്ടിക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെടി ജലീല്‍ തവനൂരില്‍ നിന്ന് വീണ്ടും ജയിച്ചുകയറി.

 

 

സഭയില്‍ ബഹളം വെക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, എന്നിവരെയും ജനം തോൽപ്പിച്ചു.സ്പീക്കറുടെ കസേര മറിച്ചിട്ട ഇ.പി.ജയരാജന്‍ വൻ ഭൂരിപക്ഷത്തിൽ ഇത്തവണേയും ജയിച്ചു.ബഹളത്തിനിടെ ബജറ്റ് പാസായതായി പ്രഖ്യാപിച്ച അന്നത്തെ സ്പീക്കര്‍ എന്‍.ശക്തനെയും ജനങ്ങൾ തോൽപ്പിച്ചു.

 

 

ആ ബഹളത്തിനിടെ ഒരു മിനിറ്റിനകം ബജറ്റ് അവതരിപ്പിച്ച കെ.എം.മാണി പാലായിലും ജയം കണ്ടു. സഭയ്ക്കുള്ളിൽ അന്ന് ലഡു വിതരണം ചെയ്ത തോമസ് ഉണ്ണിയാടനു പക്ഷേ ഇരിങ്ങാലക്കുടയിൽ മധുരം നുണയാൻ കഴിഞ്ഞില്ല.