വരൾച്ചയെ തുരത്താം; മഴയെ പിടിച്ചുകെട്ടാം

single-img
12 May 2016

0.16648500_1461137402_soe

 

ഈ വേനലിൽ എത്ര മഴ പെയ്യുന്നു എന്നതിലല്ല, എത്ര മഴ നിങ്ങൾ നിങ്ങളുടെ പരിസരത്ത് പിടിച്ചുനിറുത്തുന്നു എന്നതിലാണ് കാര്യം. 11,000 മില്ലി. മീറ്റർ വാർഷിക വർഷപാതമുണ്ടായിരുന്ന ചിറാപുഞ്ചി ഇന്ന് ഒരു വേനലെത്തുമ്പോഴേക്കും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത് മഴവെള്ളെശേഖരണം എന്ന സാധ്യത അവർ ഗൗരവമായെടുത്തില്ല എന്നതുകൊണ്ടു മാത്രമാണെന്നോർക്കുക!
മഴക്കൊയ്ത്തിൽ വിജയക്കൊടി പാറിച്ച രാജസ്ഥാനിലെ ബാർമർ ജില്ലയുടെ കാര്യം ഉദാഹരണമായെടുക്കാം. വെറും 100 മില്ലി മീറ്റർ മഴയാണ് അവിടെ ലഭിക്കുക. ഇതിൽ നിന്നും ഒരു ഹെക്ടർ ഭൂമിയിൽ മഴവെള്ളക്കൊയ്ത്തിലൂടെ ഏകദേശം 10 ലക്ഷം ലിറ്റർ ജലമാണ് അവർക്കു സംഭരിക്കാനാവുക. അതായത് 182 ആളുകൾക്ക് 15 ലിറ്റർ വീതം കുടിക്കുവാനും ഗാർഹികാവശ്യത്തിനുമായി ഉപയോഗിക്കുവാൻ ഈ വെള്ളം ധാരാളമാണ്. ഇത്രയും വെള്ളം നിങ്ങൾക്കു സംഭരിക്കാനായില്ലെങ്കിലും 5 ലക്ഷം ലിറ്റർ മഴവെള്ളമെങ്കിലും ഒരാൾക്ക് ഒരു വർഷം അനായാസം സംഭരിക്കാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

RWH4
കൂടുതൽ മഴവെള്ളക്കൊയ്ത്തിലൂടെ ലഭിക്കുന്ന അധികജലം കാർഷികാവശ്യത്തിനും ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയുടെ കാർഷികഗ്രാമങ്ങളും ഹരിതാഭ ചൂടും. മഴവെള്ളക്കൊയ്ത്തിലൂടെ രാജസ്ഥാൻ മരുഭൂമിയിലെ കുഗ്രാമങ്ങൾ പോലും വിജയഗാഥ പാടുമ്പോൾ എന്തുകൊണ്ട് മറ്റു സംസ്ഥാനക്കാർക്കും ഇതനുകരിച്ചുകൂടാ?
ഡൽഹിയുൾപ്പെടെയുള്ള വൻകിട നഗരയങ്ങൾ മഴക്കൊയ്ത്തിനായുള്ള ബോധവത്കരണത്തിൽ വ്യക്തമായ പദ്ധതിയും ലക്ഷ്യവുമില്ലാതെ കുഴങ്ങുമ്പോൾ ഇവിടെ നമ്മുടെ അയൽക്കാരനായ തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ വേറിട്ട മാതൃകയാവുകയാണ്. 1999-2000-ത്തിലെ രൂക്ഷമായ വരൾച്ചയിൽ നിന്നുൾക്കൊണ്ട പാഠത്തിൽ നിന്നും അവർ ഒരു തീരുമാനമെടുത്തു; മഴവെള്ളക്കൊയ്ത്ത് കർശനമാക്കുക. 2002-ലാണ് മുഖ്യമന്ത്രി ജയലളിത മഴവെള്ളക്കൊയ്ത്ത് നിർബന്ധമാക്കിക്കൊണ്ട് നിയമം കൊണ്ടു വന്നത്. ജലക്ഷാമം പരിഹരിക്കൽ എ. ഐ.എ.ഡി.എം.കെ.യുടെ മുഖ്യ തിരഞ്ഞെടുപ്പ് അജണ്ടകളിലൊന്നുമായിരുന്നു. കർശനമായ നിയമത്തിനു കീഴിൽ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ഒന്നിച്ചപ്പോൾ പദ്ധതി നടപ്പിലായി. ചെന്നൈ മെട്രോ പൊളിറ്റൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി(സി.എം.ഡി.എ.)മഴവെള്ളസംഭരണത്തിനുള്ള സാധ്യതകളും കൂടി ഉൾപ്പെടുത്തിയ വീടുകളുടെ പ്ലാനുകൾക്ക് മാത്രമേ നിർമ്മാണാനുമതി നൽകിയുള്ളു. മഴവെള്ളസംഭരണി പണിയാത്ത കെട്ടിടങ്ങൾക്ക് സർക്കാർ ജലവിതരണം നിർത്തുവാനും കർശന നിർദ്ദേശം നൽകി. മഴവെള്ളളസംഭരണികൾ തകർക്കുകയോ കാര്യക്ഷമമായി വിനിയോഗിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ ജലവിതരണ ബോർഡും സ്വീവേജ് ബോർഡും സന്നധസംഘടനകളും റസിഡന്റ് അസോസിയേഷനുകളും ഇതിനായി അകമഴിഞ്ഞ പിന്തുണയും നൽകി.

RWH3

ഇന്ന് ചെന്നൈ നഗരത്തിൽ മാത്രം 6,59,026 വീടുകളിൽ മഴവെള്ളക്കൊയ്ത്തിനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. മഴവെള്ളക്കൊയ്ത്ത് ഫലപ്രദമായി നടപ്പിലാക്കിയതോടെ ചെന്നൈയിലെ ഭൂഗർഭജലവിതാനം ഉയർന്നു, 2005-നും 2013-നുമിടയ്ക്ക് ഏകദേശം മൂന്നടിയിൽ നിന്നും ആറടിയായാണ് തിരുമംഗലം പ്രദേശത്തെ ജലവിതാനം ഉയർന്നത.്
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയെൺമെന്റ് 2002-ൽ മറ്റു സന്നധസംഘടകളുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ മഴകേന്ദ്രം ചെന്നൈയിൽ തുറന്നു. ഇവിടെ മഴക്കൊയ്ത്തിനെക്കുറിച്ചും ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതികളെക്കുറിച്ചും ജനങ്ങൾക്ക് അറിവും സഹായവും പരിശീലനവും നൽകുന്നു. ചെന്നൈയിൽ നിന്നും തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുകയാണ്.എങ്കിലും ഗ്രാമങ്ങളിലേതിനേക്കാൾ നഗരത്തിലാണ് പദ്ധതികൾ നടപ്പിലാക്കാൻ കൂടുതൽ എളുപ്പമെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്.
ഏതു പദ്ധതിയും പാളിച്ചകളില്ലാതെ നടപ്പിലാക്കണമെങ്കിൽ കാര്യക്ഷമമമായ ഒരു സംവിധാനവും അതു നടപ്പിലാക്കാനുള്ള ചങ്കൂറ്റവും ആത്മാർത്ഥതയും ഉണ്ടാവേണ്ടതുണ്ട്. അതല്ലെങ്കിൽ പദ്ധതികൾക്ക് കടലാസിൽ തന്നെ പിറന്ന് അവിടെ തന്നെ ഒടുങ്ങുവാനാകും വിധി.