മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ഇന്ത്യൻ സർക്കാരിന്‍റെ അഭ്യർഥന ബ്രിട്ടൻ തള്ളി.

single-img
11 May 2016

450672-vijay-mallya-2-getty

മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സർക്കാരിന്‍റെ അഭ്യർഥന ബ്രിട്ടൻ നിരസിച്ചു. ലണ്ടനിലെത്തിയപ്പോള്‍ മല്യക്ക്  സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ നിലവിലുള്ള നിയമപ്രകാരം മല്യയെ തിരിച്ചയക്കാന്‍ കഴിയില്ലെന്നാണ് ബ്രിട്ടന്‍റെ നിലപാട്. എന്നാല്‍ മല്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയമത്തിന് മുന്നിലെത്തിക്കാന്‍ സഹായം നല്‍കാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

വിവിധ ബാങ്കുകളില്‍നിന്ന് 9400 കോടി രൂപ വായ്പയെടുത്തു ലണ്ടനിലേക്ക് കടന്നുകളഞ്ഞ മദ്യവ്യവസായി വിജയ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടന്‍ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. 1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാള്‍ക്ക് യുകെയില്‍ തുടരുന്നതിന് പാസ്‌പോര്‍ട്ട് ആവശ്യമില്ല. അവര്‍ രാജ്യം വിടുകയോ വിസ കാലാവധിക്കുശേഷം തുടരുകയോ ചെയ്യുമ്പോഴാണ് പാസ്‌പോര്‍ട്ടിന്റെ ആവശ്യം വരിക. അതേസമയം, ആരോപണങ്ങളുടെ ഗൗരവം അവര്‍ മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയോട് നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ബ്രിട്ടന്‍ ചെയ്തത് എന്നും വികാസ് സ്വരൂപ് പറഞ്ഞു.

 

ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തയാറാണെന്ന് മല്യ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തന്‍റെ പാസ്പോർട്ട് റദ്ദാക്കിയതു കൊണ്ടോ അറസ്റ്റ് ചെയ്തതുകൊണ്ടോ വായ്പാ തുക തിരിച്ചുകിട്ടില്ലെന്നും മല്യ പറഞ്ഞു. മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലെത്തിയത്.