വി.എസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടി

single-img
27 April 2016

vs-chandyപ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കോടതിയെ സമീപിക്കുമെന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന് പറയുന്ന വി.എസ് അവ ഏതെല്ലാമാണെന്ന് വിശദീകരിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 136 കേസുകള്‍ നിലവിലുണ്ടെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. 136 പോയിട്ട് ഒരു കേസെങ്കിലും നിലവിലുണ്ടെങ്കില്‍ അത് വിഎസ് പറയട്ടെ.

അടിസ്ഥാനമില്ലാതെ ആവർത്തിക്കുന്ന ആരോപണം തിരഞ്ഞെടുപ്പിൽ, തന്നെ മാത്രമല്ല മറ്റു 139 സ്ഥാനാർഥികളെയും ബാധിക്കുമെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടു ദിവസത്തിനകം ആരോപണം തിരുത്തണം. ഒരു കേസിന്റെയെങ്കിലും പ്രഥമ വിവര റിപ്പോർട്ട് വിഎസ് കൊണ്ടുവരണം. ആകെ എഫ്ഐആർ ഇട്ടത് കെ.എം.മാണിക്കെതിരെ ആണ്. ആ എഫ്ഐആർ റദ്ദാക്കാനുള്ള അപേക്ഷ കോടതിയിലാണ്. അതുപോലും കേസല്ലാതായെന്ന് മുഖ്യമന്ത്രി പറഞ്ഞു

കൊലക്കേസ് പ്രതികളടക്കമുള്ളവര്‍ ഇക്കുറി വിഎസിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ്. 54 കേസുകള്‍ സ്വന്തം പേരിലുണ്ടെന്ന് രേഖാമൂലം സമ്മതിച്ചവര്‍ വരെ എല്‍.ഡി.എഫിനായി മത്സരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മടത്ത് പിണറായിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴാണ് വി.എസ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചിരുന്നത്.