പശ്ചിമ ബംഗാളിൽ നാലാം ഘട്ട  വോട്ടെടുപ്പ് ആരംഭിച്ചു

single-img
25 April 2016
howrah-election759
പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വിദാന്‍ നഗര്‍, ഹൗറ തുടങ്ങി 49 മണ്ഡലങ്ങളിലായി 345 പേരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. 12,500 പോളിങ് ബൂത്തുകളിലായി 1.08 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്
.
മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അമിത് മിത്ര, അരുപ് റോയ്, ഉപേന്ദ്രനാഥ് ബിശ്വാസ് തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട്. ഇടതു സര്‍ക്കാരില്‍ ധനമന്ത്രിയും സി പി ഐ എം നേതാവുമായ അസിം ദാസ് ഗുപ്ത, നേപാള്‍ ദേബ് ഭട്ടാചാര്യ എന്നിവരും ജനവിധി തേടുന്ന നേതാക്കളില്‍ ഉള്‍പ്പെടും.
ബിസിസിെഎ മുന്‍ പ്രസിഡന്‍റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മകള്‍ വൈശാലി, ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ല, അഭിനേത്രി രൂപ ഗാംഗുലി, ഫുട്ബോള്‍ താരം ദീപേന്ദു ബിശ്വാസ് എന്നിവരുടെ മണ്ഡലങ്ങളും നാലാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ബിജെപിയുടെ ഏക സിറ്റിങ് എംഎല്‍എ ഷമിക് ഭട്ടാചാര്യയും ജനവിധി തേടുന്നവരില്‍പ്പെടുന്നു.
മൂന്നാംഘട്ട വോട്ടെടുപ്പിനിടെ സി പി എം പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് പോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രതയിലുള്ള സാള്‍ട്ട് ലേക്ക് ഏരിയയില്‍ കഴിഞ്ഞദിവസം സൈന്യത്തിന്റെ റൂട്ട് മാര്‍ച്ച് നടന്നിരുന്നു. കേന്ദ്ര സേനയടക്കം 90,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്