മഴ പെയ്യണം എന്നാലേ ലളിതയ്ക്കിനി സ്‌കൂളിലേക്ക് മടങ്ങാനാകൂ

single-img
25 April 2016
Image Courtesy:NDTV

Image Courtesy:NDTV

ഇത് ലളിത. വയസ്സ് 11. മഹാരാഷ്ട്രയില്‍ ഏറ്റവും വരള്‍ച്ചയനുഭവിക്കുന്ന നന്ദെഡ് ഗ്രാമത്തില്‍ നിന്നും താനെ നഗരത്തിലേക്ക് അമ്മാവന്റെ കുടുംബത്തോടൊപ്പം പറിച്ചുനടപ്പെട്ടവള്‍. റോഡരികില്‍ തുണിയും പ്ലാസ്റ്റിക് ഷീറ്റും വലിച്ചുകെട്ടിയ താല്കാലിക ടെന്റിലാണ് അവരുടെ താമസം. പകല്‍ മുതിര്‍ന്നവര്‍ പണി തേടി നഗരത്തിലേക്കിറങ്ങും.

 
അടുത്ത മഴക്കാലം വരെയെങ്കിലും ലളിതയുടെ ജീവിതത്തിലേക്ക് ഇനി പാഠപുസ്തകങ്ങള്‍ക്ക് സ്ഥാനമില്ല. അല്ലെങ്കില്‍ തന്നെ അതൊക്കെ ചിന്തിക്കാന്‍ അവള്‍ക്കെവിടെ സമയം. പകല്‍ ആ കീറിപ്പൊളിഞ്ഞ ടെന്റിന്റെ ഗൃഹനാഥയാണവള്‍. അടുപ്പ് കത്തിച്ച്, വെള്ളം തിളപ്പിച്ച് അരി അടുപ്പത്തിടണം. ഈ പണികള്‍ക്കിടെ കുട്ടികളെ പരിപാലിക്കണം.

 
വെള്ളവും തൊഴിലുമന്വേഷിച്ച് മുംബൈ നഗരപ്രാന്തത്തിലേക്ക് 400 ഓളം ഗ്രാമീണര്‍ക്കൊപ്പമാണ് ലളിതയും ചേക്കേറിയത്. നഗരത്തിന്റെ മുക്കിലും നൂലയിലും ഗ്രാമങ്ങളില്‍ നിന്നും ചേക്കേറിയ കുടുംബങ്ങളിലെ കുട്ടികള്‍ അലഞ്ഞുനടക്കുന്നതു കാണാം.
പാഠപുസ്തകവും കൂട്ടുകാരും കുടുംബവും ഒന്നും അടുത്തില്ലയെങ്കിലും നഗരം ചില കാര്യങ്ങളില്‍ ആശ്വാസം തന്നെയാണ് ലളിതയ്ക്ക്. ഗ്രാമത്തില്‍ കിലോമീറ്ററുകളോളമായിരുന്നു അവള്‍ക്ക് ഒരു കുടംവെള്ളത്തിനായി അലയേണ്ടി വന്നിരുന്നത്.
മഴ വരാനായി കാത്തിരിക്കുകയാണ് ലളിത. മഴ വന്നാലേ ഗ്രാമത്തിലേക്കിനി മടങ്ങാനാകു; സ്‌കൂളിലേക്കും. അഞ്ചാം ക്ലാസിലെ വാര്‍ഷിക പരീക്ഷപോലും എഴുതിയിട്ടില്ല ഈ കൊച്ചു ഗൃഹനാഥ.