ബാബാ രാംദേവിന്റെ പതഞ്ജലി ഭക്ഷ്യപാര്‍ക്കിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫിന്റെ കമാന്‍ഡോ സംഘം

single-img
25 April 2016

 

ramdev-ap.jpg.crop_display_1.jpg.crop_display
രാംദേവിന്റെ ‘പതഞ്ജലി ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈ. ലിമിറ്റഡ്’ കമ്പനിക്ക് ദേശീയ വ്യവസായ സുരക്ഷാ സെന്യത്തിന്റെ മുഴുവന്‍ സമയ സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഹരിദ്വാറില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ സുരക്ഷക്കായി അസി. കമാന്‍ഡര്‍ റാങ്കിലുള്ള ഓഫിസറുടെ കീഴില്‍ 34 കമാന്‍ഡോകള്‍ എല്ലാ ദിവസവും 24 മണിക്കൂറും കാവല്‍ നില്‍ക്കും.

ഭക്ഷ്യപാര്‍ക്കില്‍ സുരക്ഷയൊരുക്കുന്നതിന് പ്രതിവര്‍ഷം 40 ലക്ഷം രൂപയോളമാണ് ആവശ്യമായി വരിക. സൈനികര്‍ക്കുള്ള താമസവും വാഹന സൈകര്യവും പതഞ്ജലി തന്നെ ഒരുക്കും. ഭക്ഷ്യപാര്‍ക്കിനും രാംദേവിന്റെ ആശ്രമത്തിനും ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയൊരുക്കുന്നത്. പാര്‍ക്കിലെത്തുന്ന വിനോദസഞ്ചാരികളും മറ്റും സുരക്ഷാപ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിലവില്‍ ബംഗളൂരുവിലും മൈസുരുവിലും പുണെയിലുമുള്ള ഇന്‍ഫോസിസ്, ജംന നഗറിലുള്ള റിലയന്‍സ് റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ്, ഗുജ്‌റാത്തിലെ ടാറ്റയുടെ കോസ്റ്റല്‍ ഗുജറാത്ത് പവര്‍ ലിമിറ്റഡ് പ്രോജക്ട്, ഒഡിഷയിലെ ടാറ്റ സ്റ്റീല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് സി.ഐ.എസ്.എഫ് സുരക്ഷയുള്ളത്.

പതഞ്ജലി ഉല്‍പന്നങ്ങളുടെ ഗുണമേന്മയെ സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യപാര്‍ക്കിന് താല്‍ക്കാലിക സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാംദേവിന് ഇസെഡ് കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തിയ നടപടിയും നേരത്തെ വിവാദമായിരുന്നു.