വി.എസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിളിച്ചിട്ടില്ല: പിണറായി

single-img
21 April 2016

25_achu_vijayan_1808218f

വി.എസ്.അച്യുതാനന്ദനെ താന്‍ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിളിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുത്തതോടെ ചില മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യം വച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ്. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. വി.എസിന്റെ കാര്യം പിബി കമ്മീഷന്റെ പരിഗണനയിലാണെന്നും കമ്മീഷന് റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം പിണറായി വിജയന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ പിണറായി വിജയന് ഉപദേശവുമായി വിഎസ് അച്യുതാനന്ദന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിഎസിന്റെ പ്രതികരണം. നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിതെന്നും വിവാദ വ്യവസായം തഴച്ചു വളരാന്‍ ഇത് ധാരാളം മതിയെന്നും വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ഇടതുപക്ഷ നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്താന്‍. എന്നെക്കുറിച്ച് സഖാവ് പിണറായി വിജയന്‍ മോശം പരാമര്‍ശം നടത്തിയതായി നിറയെവാര്‍ത്തകള്‍ കാണാനിടയായി. അങ്ങനെയൊരു പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും തന്റെ വായില്‍ മാധ്യമങ്ങള്‍ വാക്കുകള്‍ തിരുകിക്കയറ്റിയതാണെന്നും സഖാവ് വിജയന്‍ വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണ് കാണുന്നതെന്നും വിഎസ് പറഞ്ഞു.