ബി ജെ പി എം എൽ എ ആക്രമിച്ച ശക്തിമാൻ കുതിരയ്ക്ക് മരണം.

single-img
21 April 2016
shaktimaan
 ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്ന സമരം പൊലീസ് തടഞ്ഞതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനെടെയാണ് ബി.ജെ.പിയുടെ മസൂറി എം.എല്‍.എ ഗണേഷ് ജോഷി കുതിരയ്ക്ക് നേരെ ആക്രമണം നടത്തിയത്. ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ ശക്തിമാന് തന്റെ പിന്‍കാല് നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട കാലിന് പകരം ശസ്ത്രക്രിയയിലൂടെ കൃത്രിമ കാല് വച്ചു പിടിപ്പിക്കുകയും ചെയ്തിരുന്നു.പക്ഷെ അണുബാധ മൂലം കുതിരയുടെ അവസ്ഥ മോശമാവുകയായിരുന്നു. കൃത്രിമക്കാലില്‍ ഭാരം താങ്ങാനാകാതെ വന്നതും മരണകാരണമായി.  കുതിരയെ ദ്രോഹിച്ചതിനെതിരെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എം എല്‍ എയ്ക്കെതിരെ ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുത്തത്. പതിനാലുകാരനായ ശക്തിമാന്‍ 2006 മുതല്‍ ഉത്തരാഖണ്ഡ് പോലീസില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു. 95,000 രൂപയ്ക്കാണ് പോലീസ് സേന ഇവനെ സ്വന്തമാക്കിയത്.
കുതിര ചത്തതില്‍ തനിക്ക് ഏറെ ദു:ഖമുണ്ടെന്നാണ് എംഎല്‍എയുടെ ആദ്യ പ്രതികരണം. കുതിരയെ താന്‍ ഏതെങ്കിലും തരത്തില്‍ ദ്രോഹിച്ചിട്ടില്ല. ഇക്കാര്യം നേരത്തതന്നെ വ്യക്തമാക്കിയതാണ്. താന്‍ തെറ്റുകാരനാണെങ്കില്‍ തന്റെ കാലും മുറിച്ചുമാറ്റാമെന്ന് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ എംഎല്‍എയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കുതിര ചത്തതോടെ എംഎല്‍എക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും. ഗണേഷ് ജോഷിക്കെതിരായ വകുപ്പുകളിലും പോലീസ് മാറ്റം വരുത്തും. സര്‍ക്കാരിനെതിരായ സമരത്തിനിടെ യാതൊരു തെറ്റും  ചെയ്യാത്ത കുതിരയെ അടിച്ചവശനാക്കിയത് ഏറെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.