പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി

single-img
20 April 2016

supreme_courtപൊതുസ്ഥലങ്ങള്‍ കൈയേറി അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കാത്തതിനെതിരെ സുപ്രീംകോടതി. റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചു നീക്കുക തന്നെ വേണം. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഒരു സംസ്ഥാനവും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. ഇത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കാന്‍ അധികൃതര്‍ക്ക് യാതൊരു അവകാശവുമില്ല: ബഞ്ച് കൂട്ടിച്ചേർത്തു.

സുപ്രീംകോടതിയുടെ ഉത്തരവ് ‘കോള്‍ഡ് സ്റ്റോറേജില്‍’ വെക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവും നല്‍കി. അല്ലാത്തപക്ഷം ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടിവരും.

ഇത്തരം നിര്‍മ്മിതികള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട്, അതിന്റെ വെരിഫിക്കേഷന്‍ തുടങ്ങിയവയെല്ലാം സത്യവാങ്മൂലത്തിലുണ്ടാവണമെന്നും അത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. പട്വാലിയയ്ക്ക് നല്‍കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് മെയ് രണ്ടാം വാരത്തിലേക്ക് കോടതി മാറ്റി.

റോഡിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് 2006ല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.