രാജീവ് ഗാന്ധി വധക്കേസ് : പ്രതികളെ മോചിപ്പിക്കാനുള്ള അഭ്യർഥന തള്ളി.

single-img
20 April 2016
480834-tn
രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷയിൽ കഴിയുന്ന 7 തടവുകാരെ മോചിപ്പിക്കാനാവിലെന്നു  കേന്ദ്രസർക്കാർ വ്യക്തമാക്കി. കേസിൽ തടവ്ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ അഭ്യർത്ഥനയാണ് കേന്ദ്രസർക്കാർ തള്ളിയത്. കേസ് സുപ്രിംകോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി  ദേശീയമാധ്യമങ്ങ‌ൾ റിപ്പോർട്ട് ചെയ്തു.
 നളിനി, രവിചന്ദ്രൻ, ജയകുമാർ, ശാന്തൻ, പേരറിവാളൻ, റോബർട്ട് പയസ്, മുരുകൻ എന്നിവരാണ് രാജീവ് വധ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നത്.ഇത് രണ്ടാം തവണയാണ് തമിഴ്നാട് സർക്കാർ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുന്നത് .മോചിപ്പിക്കണമെന്ന തടവുകാരുടെ അപേക്ഷ തമിഴ്നാട് സർക്കാരിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 2014 ൽ ഈ ആവശ്യം അറിയിച്ച് കൊണ്ട് ജയലളിത സർക്കാർ യു പി എ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഈ ആവശ്യം തള്ളികളയുകയായിരുന്നു.
 20 വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന തടവുകാരെ ശിക്ഷയിൽ  നിന്നും മോചിപ്പിക്കണമെന്നാണ് ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആവശ്യമറിയിച്ചുകൊണ്ട് തമിഴ്നാട് സർക്കാർ കേന്ദ്രത്തിന് കത്തയക്കുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച നിർദേശമനുസരിച്ചാണ് തമിഴ്നാടിന് മറുപടി നൽകിയതെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.