പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠികളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

single-img
19 April 2016

image (6)പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹപാഠികളെ കണ്ടെത്തിത്തരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ശ്രീനിവാസ് ചന്നപ്പ എന്നയാളുടെ പേരിലാണ് പരസ്യം പ്രചരിക്കുന്നത്. മോദിക്കൊപ്പം എസ്.എസ്.സിയോ ബി.എ യോ എം.എയോ പഠിച്ച ആരെയെങ്കിലും കണ്ടെത്തിത്തരുന്നവര്‍ക്ക് 1 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്.

മോദിയുടെ കോളേജ് പഠനകാലത്തെ വിശദാംശങ്ങള്‍ തിരക്കിയിട്ടുള്ള വിവരാവകാശ രേഖയ്ക്ക് ഡല്‍ഹി സര്‍വകലാശാല മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് അപേക്ഷകന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിച്ചത്.

ഗുജറാത്തില്‍ നിന്നും എസ്.എസ്.സി പാസ്സായെന്നും ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ എടുത്തെന്നും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ പാസ്സായെന്നുമാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദത്തിന്റെ വിശദാംശങ്ങള്‍ തിരക്കിയുള്ള വിവരാവകാശരേഖ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയും തിരസ്‌കരിച്ചെന്നും പരസ്യത്തില്‍ പറയുന്നു.

‘വാണ്ടഡ്’ എന്ന തലക്കെട്ടോടുകൂടി പുറത്തിറങ്ങിയിരിക്കുന്ന പരസ്യം ഇതിനോടകം വൈറലായിരിക്കുകയാണ്. സോഷ്യ‌ൽ മീഡിയകൾ വഴിയുള്ള തിരച്ചിൽ ഫലപ്രദമാകുമെന്നാണ് കരുതുന്നത്.