മെത്രാന്‍ കായല്‍: അംഗീകാരം നല്‍കിയ ഉത്തരവിനു പിന്നില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും

single-img
19 April 2016

image (7)

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 അട്ടിമറിച്ച് കോട്ടയം കുമരകം മെത്രാന്‍ കായല്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയ ഉത്തരവിനു പിന്നില്‍ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയുമെന്ന് രേഖകള്‍. മെത്രാന്‍ കായലില്‍ 378 ഏക്കര്‍ വയല്‍ നികത്താനായിരുന്നു പദ്ധതി. യു.എ.ഇ ആസ്ഥാനമായ റാക്കിന്‍ഡോ ഡെവലപ്മെന്‍റിന്‍െറ പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കി ഉത്തരവിറക്കുകയായിരുന്നു.

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം മെത്രാന്‍ കായല്‍ പദ്ധതിക്ക് അംഗീകാരം നല്‍കാനാവില്ല എന്ന് റവന്യൂ വകുപ്പ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചിരുന്നു. ജില്ലാ കളക്ടര്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്നും റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണും അനുവാദം നല്‍കിയതായാണ് മന്ത്രിസഭാ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.