അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കും;അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും;എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

single-img
19 April 2016

dc-Cover-gsushvfe01c68sv5hr7okgoqi4-20160331072557.Medi

മതനിരപേക്ഷ, അഴിമതിരഹിത വികസിത കേരളം ലക്ഷ്യം വച്ച് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. അതിവേഗ റെയില്‍വേ കോറിഡോര്‍, ആരോഗ്യ മേഖലയ്ക്കും മാലിന്യനിര്‍മാര്‍ജനത്തിനും പ്രത്യേക പദ്ധതികള്‍, എല്ലാ ദേശീയ പാതകളും നാലുവരിയായി ഉയര്‍ത്തും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കും. അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കും. കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും എന്നീ വാഗ്ദാനങ്ങളോടൊപ്പം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

മദ്യനിരോധനം അല്ല വര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പടിപടിയായുള്ള ബോധവത്കരണത്തിലൂടെ മദ്യഉപഭോഗം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കും. 35 ഇന കര്‍മ്മ പദ്ധതികളാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നത്.

ഘട്ടംഘട്ടമായി സംസ്ഥാനത്ത് സ്മാര്‍ട്ട് റോഡുകള്‍ നടപ്പാക്കും. എല്ലാ ബൈപ്പാസ് നിര്‍മാണങ്ങളും പൂര്‍ത്തിയാക്കും. നാലുവരി റെയില്‍വേ പാതയുണ്ടാക്കാന്‍ റെയില്‍ മന്ത്രാലയവുമായി പദ്ധതിയുണ്ടാക്കും. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും. പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയാറാക്കും. പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കും. ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. ശമ്പള പരിഷ്കരണം 10 വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്ന നിര്‍ദ്ദേശം തള്ളുമെന്നും പ്രകടന പത്രിക പറയുന്നു. പച്ചക്കറി, മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടും. ക്ഷേമ പെന്‍ഷന്‍ 1,000 രൂപയായി ഉയര്‍ത്തും. അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. അഡ്വൈസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ നിയമനം ഉറപ്പാക്കും. മാതൃക മത്സ്യഗ്രാമം പദ്ധതി നടപ്പിലാക്കും. എട്ട് മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. 1,000 പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. ഭരണഭാഷയും കോടതി ഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിവില്‍ സപ്ളൈസിലും ന്യായവില സ്ഥാപനങ്ങളിലും അവശ്യ വസ്തുക്കള്‍ക്ക് വില വര്‍ധനയുണ്ടാകില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം ഇരട്ടിയായി ഉയര്‍ത്തും. തീരദേശ മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും തുടങ്ങിയവയാണ് എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങള്‍.