ഹന്ദ്വാരയില്‍ പെണ്‍കുട്ടിയെ അപമാനിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി.

single-img
19 April 2016

kashmir-protest

ശ്രീനഗർ: പതിനാറുകാരിയായ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച രണ്ടു പ്രതികളിൽ ഒരാളായ ഹിലാൽ അഹമ്മദ് ബാണ്ഡേയെ ഹാന്ത്‌വാരയിൽ നിന്നു ജമ്മുകാ‌ശ്‌മീർ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ ഇനിയും പിടിയാകാനുണ്ട്.മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടി നൽകിയ മൊഴിയിൽ പറഞ്ഞ രണ്ടുപേരിൽ ഒരാളെയാണ് പിടികൂടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 12ന് ഒരു പൊതു വിശ്രമശാലയിൽ പ്രവേശിച്ച കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ പൊലീസ് പിടികൂടിയത്. സൈനികനാണ് തന്നെ ഉപദ്രവിച്ചതെന്ന പൊതുജനങ്ങളുടെ ആരോപണം കുട്ടി നിഷേധിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ അപമാനിച്ചത്‌ സൈനികരാണെന്ന് ആരോപിച്ച് ഒരാഴ്ചയായി വടക്കന്‍ കശ്മീരില്‍ സംഘര്‍ഷം തുടരുകയാണ്. സൈന്യം നടത്തിയ വെടിവെയ്പില്‍ നാല് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. തന്നെ അപമാനിച്ചത്‌ സൈനികരല്ലെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചതാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

പ്രാഥമിക അന്വേഷണത്തിൽ രണ്ടു ആൺകുട്ടികളിലൊരാളുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ രണ്ടാമത്തെ കുട്ടിയെ കൂടി പിടികൂടിയാൽ മാത്രമേ കേസ് പൂർണമായി തെളിയിക്കാൻ കഴിയുള്ളു എന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അതേസമയം ഹാന്ത്‌വാരയിലെയും പരിസരപ്രദേശങ്ങളിലെയും നിരോധനം ഇപ്പോഴും തുടരുകയാണ്. ജനങ്ങളോ‌ട് സമാധാനം പുനസ്ഥാപിക്കണമെന്നും ഹാന്ത്‌വാരയിലും കുപ്പ്‌വാരയിലും നടന്ന കലാപങ്ങളുടെ ഉത്തരവാദികൾക്ക് കഠിനമായ ശിക്ഷനൽകുമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി അറിയിച്ചു.