ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോയ്ക്ക് വധശിക്ഷ; അനുശാന്തിക്ക് ഇരട്ടജീവപര്യന്തം

single-img
18 April 2016

40518_1457843745ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസില്‍ ഒന്നാം പ്രതിയായ നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും കോടതി വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. ഇരുവർക്കും 50 ലക്ഷം രൂപ വീതം പിഴയടക്കണം. അനുശാന്തി മാതൃത്വത്തിന് നാണക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു.പിഴയായി ലഭിക്കുന്ന തുകയിൽ 50 ലക്ഷം ലിജീഷിനും 30 ലക്ഷം പിതാവ് തങ്കപ്പൻചെട്ടിയാർക്കും നൽ‌കണം.

ഗൂഢാലോചനയും കൊലപാതകവും തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതിനാൽ പ്രോസിക്യൂഷന്‍റെ എല്ലാ വാദങ്ങളും അംഗീകരിച്ച് കോടതി ഇവരെ കുറ്റക്കാരെന്ന് വിധിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളും മൊബൈൽ ഫോട്ടോകളും കോടതി പരിശോധിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷെർസിയാണ് കേസിൽ വിധി പറഞ്ഞത്.

2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് മനസിലാക്കിയ അനുശാന്തി കാമുകന്‍ നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവ ശേഷം സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച നിനോയെ ഉടന്‍ തന്നെ പോലീസ് അറസ്റ് ചെയ്തു. അനുശാന്തിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്തായത്.

കേസുമായി ബന്ധപ്പെട്ട് 49 സാക്ഷികളെയാണ് വിസ്തരിച്ചത്. 41 തൊണ്ടികളും 85 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. റൂറൽ എസ്.പിയായിരുന്ന രാജ്പാൽ മീണ, ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന ആർ. പ്രതാപൻ നായർ, ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാര്‍, അഭിഭാഷകരായ അനില്‍ പ്രസാദ്, ബാബു നാഥുറാം, ചൈതന്യ കിഷോര്‍, പി. സുഭാഷ് എന്നിവര്‍ ഹാജരായി.