ലാത്തൂരിൽ വരൾച്ചാ ദുരിതം വിലയിരുത്താൻ പോയ മന്ത്രി സമയം ചിലവഴിച്ചത് മണിക്കൂറുകളോളം സെൽഫിയെടുത്ത്

single-img
18 April 2016

pankaja

മഹാരാഷ്ട്രയിൽ കടുത്ത വരള്‍ച്ച നേരിടുന്ന ലാത്തൂരിൽ വരൾച്ചാ ദുരിതം വിലയിരുത്താൻ പോയ മന്ത്രി സമയം ചിലവഴിച്ചത് മണിക്കൂറുകളോളം സെൽഫിയെടുത്ത്.മഹാരാഷ്രയിലെ ബി.ജെ.പി.- ശിവസേന മന്ത്രിസഭയിലെ ജലവിഭവ സംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പങ്കജ മുണ്ടെയാണു വരൾച്ചാ ബാധിത പ്രദേശങ്ങളിലെത്തി സെൽഫിയെടുത്ത് “ഉല്ലസിച്ചത്”.കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്വാഡയില്‍ പങ്കജയുടെ മണ്ഡലമായ ബീഡ് ഉള്‍പ്പെടെ ലത്തൂര്‍ സ്റ്റേഷനിലെ ജലട്രെയിനും, സിയ ഗ്രാമത്തിലും മഞ്ചറ നദി ആഴം കൂട്ടുന്ന പദ്ധതി പ്രദേശവും സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്. എന്നാല്‍ ഇവിടെയെത്തിയ മന്ത്രി ദൗത്യം മറന്ന് കര്‍ഷകരുമായി സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയായിരുന്നു.


മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.

നേരത്തെ സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി ഏക്‌നാഥ് കദ്‌സെയുടെ സന്ദര്‍ശനാര്‍ത്ഥം ഹെലിപ്പാഡ് വൃത്തിയാക്കാന്‍ 10,000 ലിറ്റര്‍ വെള്ളം ചിലവഴിച്ചത് ഏറെ വിവാദമായിരുന്നു.അതിനു പിന്നാലെയാണു മന്ത്രിയുടെ സെൽഫി സന്ദർശനം. സംസ്ഥാനത്തെ ജലദൗര്‍ലഭ്യം പരിഗണിച്ച് മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ട 13 ഐ.പി.എല്‍ മത്സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

അതേസമയം, അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കി പകരം വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പങ്കജ അഭ്യര്‍ത്ഥിച്ചു.