പരവൂര്‍ വെടിക്കെട്ട് ദുരന്തം:കേരളം കേന്ദ്രത്തോട് 117 കോടി ആവശ്യപ്പെടും;ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നത് ഏഴു പ്രാവശ്യം

single-img
18 April 2016

12938187_260483350954533_7420722283873587970_n

പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഇന്ന് കത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റവന്യുമന്ത്രിയും, റവന്യുസെക്രട്ടറിയും കൂടിയാലോചിച്ച് ഇത് സംബന്ധിച്ച് വിശദമായ കണക്കുകള്‍ തയ്യാറാക്കി 117 കോടി രൂപയുടെ സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ, വീടുകളും കിണറുകളും തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം, ജോലിചെയ്യാന്‍ സാധിക്കാത്തവിധം അംഗവൈകല്യം സംഭവിച്ചവരുടെ പുനരധിവാസം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് കേന്ദ്രസഹായം തേടുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് അപകടം സംബന്ധിച്ചും നാശനഷ്ടങ്ങള്‍ സംബന്ധിച്ചും സര്‍ക്കാരിനു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ ഇത്രയും തുക ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ഏഴു പ്രാവശ്യം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ദുരന്തത്തിന് അരമണിക്കൂർ മുൻപു വെടിക്കെട്ടിന്റെ തീ വീണു രണ്ടു പേർക്കു പരുക്കേറ്റപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഫോൺ വിളിയുടെ വിവരങ്ങൾ പരിശോധിച്ചശേഷം ക്രൈം ബ്രാഞ്ച് സംഘാടകനും അനൗൺസറുമായ ടി.എസ്. ലൗലിയെ പ ചോദ്യം ചെയ്യും.

വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പൊള്ളല്‍ വിഭാഗം തീവ്രപരിചരണ യൂനിറ്റില്‍ ചികിത്സയിലുള്ള രാജീവിന്‍െറയും അജിത്തിന്‍െറയും നില മാറ്റമില്ലാതെ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള മറ്റ് ആറുപേരുടെ നിലയും ഗുരുതരമാണ്.രോഗനിലയില്‍ മാറ്റം വന്നതിന്‍െറ അടിസ്ഥാനത്തില്‍ മൂന്നുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. 48 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഇതിനിടെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ നിലമേല്‍ സ്വദേശി അനില്‍കുമാറിന്‍െറ (44) മൃതദേഹം ഇന്നലെ വിട്ടുകൊടുത്തു.അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാജീവിന്‍െറ ശ്വാസകോശചികിത്സക്കായി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചെസ്റ്റ് വൈബ്രേറ്റര്‍ മെഷീന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ യോഗം തീരുമാനിച്ചു.