ഇക്കൊല്ലം മുതല്‍ യോഗയിലും നെറ്റ്‌;ഡിപ്ലോമ, ഡിഗ്രി, പോസ്‌റ്റ് ഗ്രാജ്വേറ്റ്‌ റിസര്‍ച്ച്‌ തുടങ്ങി ആറ്‌ യോഗ കോഴ്‌സുകള്‍ തുടങ്ങാനാണ്‌ കേന്ദ്ര തീരുമാനം.

single-img
18 April 2016

Shilpa

ഇക്കൊല്ലം മുതല്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റ് പരീക്ഷയില്‍ യോഗയും ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. പ്രധാനമന്ത്രിയുടെ യോഗ ഗുരു എച്ച്‌.ആര്‍ നാഗേന്ദ്ര തലവനായ സമിതിയെ ഇതിനായുള്ള കോഴ്‌സിന്‌ രൂപരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി.
ബാബാ രാംദേവിന്റെ പതഞ്ചലി സെന്റര്‍, മറ്റ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിന്നുള്ള യോഗയില്‍ വിദഗ്‌ധരായവരെ ഗസ്‌റ്റ് ലക്‌ചററായി നിയമിച്ച്‌ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും യോഗ കോഴ്‌സ് ആരംഭിക്കും. സര്‍ട്ടിഫക്കറ്റ്‌ കോഴ്‌സ്, ഡിപ്ലോമ, ഡിഗ്രി, പോസ്‌റ്റ് ഗ്രാജ്വേറ്റ്‌ ഡിഗ്രി/ഡിപ്ലോമ, റിസര്‍ച്ച്‌ എന്നിങ്ങനെ ആറ്‌ കോഴ്‌സുകള്‍ തുടങ്ങാനാണ്‌ തീരുമാനം. ഇവര്‍ക്ക്‌ യു.ജി.സി അംഗീകരിച്ച ശമ്പളവും നല്‍കും.

യോഗിക്ക് ആര്‍ട്സ് ആന്‍റ് സയന്‍സ് എന്ന പേരില്‍ പ്രത്യേക പഠന വിഭാഗമായിട്ടായിരിക്കും ഇത് അറിയപ്പെടുക.

പാനല്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ച ശേഷം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയവും യു.ജി.സിയും കോഴ്സിന് അന്തിമ രൂപരേഖ തയാറാക്കും.

രാജ്യത്ത്‌ 52 സ്‌ഥാപനങ്ങളില്‍ നിലവില്‍ യോഗ പഠിപ്പിക്കുന്നുണ്ട്‌. ഇതില്‍ 16 ഇടങ്ങളില്‍ യോഗയില്‍ എം.എ ഡിഗ്രിയും നല്‍കുന്നുണ്ട്‌.