ഇക്വഡോര്‍ ഭൂകമ്പം: മരണ സംഖ്യ 413 ആയി

single-img
18 April 2016

RTX2ABHD-layout-comp-725x483
ക്വിറ്റോ: തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ പസഫിക് തീരത്ത് ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 413 ആയി. ഇക്വഡോര്‍ പ്രസിഡന്റ് റഫേല്‍ കൊറിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചതാണിക്കാര്യം. വത്തിക്കാനിലുള്ള പ്രസിഡന്റ് റാഫേല്‍ കൊറിയ സന്ദര്‍ശനം വെട്ടിച്ചുരുക്കി അടിയന്തിരമായി നാട്ടിലേക്കു മടങ്ങി.ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥന നടത്തി.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു മിനിറ്റോളം നീണ്ടുനിന്നു. മനാബി പ്രവിശ്യയിലാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്.
നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വ്യാപാരസമുച്ചയങ്ങളം പാലങ്ങളും റോഡുകളും തകര്‍ന്നു. 500 ലേറെ പേര്‍ പരിക്കേറ്റു ചികിത്സയിലാണ്.ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. രാജ്യത്തെ ആറു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.

മന്‍ടാ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ ടവര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. ദേശീയ വിമാന സര്‍വീസ് ടെയിമിന്റെയും റെഡ്‌ക്രോസിന്റെയും വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. സമോര പ്രവിശ്യയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയാണ്. രാജ്യത്തെ 12 പ്രധാനപാതകളാണ് തകര്‍ന്നുകഴിഞ്ഞത്. ജപ്പാനില്‍ കഴിഞ്ഞദിവസമുണ്ടായ ഭൂകമ്പത്തിന്റെ ആറിരട്ടി ശക്തമായ ഭൂകമ്പമാണ് ഇക്വഡോറിലുണ്ടായത്. ജപ്പാനില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിനു പിന്നാലെയാണ് ഇക്വഡോറിലും ഭൂകമ്പം വന്‍നാശം വിതച്ചത്.1979നു ശേഷം ഇക്വഡോര്‍ കണ്ട ഏറ്റവും വലിയ ഭൂകമ്പമാണിത്. 600 പേരാണു അന്നു മരിച്ചത്. 20,000 പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനിടെ സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്നും നിരവധി പേരെ അധികൃതര്‍ ഒഴിപ്പിക്കുകയാണ്. പെറുതീരത്തും സുനാമി ഭീഷണി നിലവിലുണ്ട്.