ഞാനൊരു രാജ്യസ്‌നേഹി;ഇടയ്ക്കിടെ ദേശസ്‌നേഹം തെളിയിക്കേണ്ടി വരുന്നതില്‍ ദുഃഖകരം: ഷാറൂഖ് ഖാന്‍

single-img
18 April 2016

Shahrukh-Khan

ഇടയ്ക്കിടെ തന്റെ ദേശസ്‌നേഹം തെളിയിക്കാനാവശ്യപ്പെടുമ്പോള്‍ ദുഃഖവും ചിലപ്പോള്‍ കരച്ചിലും വരാറുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍.ഇന്ത്യക്കാരനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍, മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ തിരിയുന്നുവെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളി.എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ അസഹിഷ്ണുതാ വിവാദത്തില്‍ പ്രതികരിച്ചതിന് ഷാറൂഖിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

‘ഞാനൊരു രാജ്യസ്‌നേഹിയാണ്, എന്റെ രാജ്യസ്‌നേഹം മറ്റുള്ളവരുമായി താരതമ്യം ചെയ്യേണ്ടതില്ല, സഹിഷ്ണുതയോടെ പെരുമാറാനാണ് എല്ലാ യുവാക്കളോടും എനിക്ക് പറയാനുള്ളത്, സന്തോഷത്തോടെ ജീവിക്കുക, നന്നായി ജോലി ചെയ്തു രാജ്യത്തെ മുന്നോട്ട് കൊണ്ടുപോവുക, നിസ്സാര കാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കാതിരിക്കുക’ – ഇന്ത്യ ടിവിയുടെ ആപ് കി അദാലത്ത് എന്ന ടിവി ഷോയില്‍ ഷാറൂഖ് പറഞ്ഞു. ലോകത്തെ ഏറ്റവും മഹത്തായ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നമ്മുടേത് സുരക്ഷിതവും രമണീയവുമായ രാജ്യമാണ്. നിസ്സാരകാര്യങ്ങള്‍ക്കു വേണ്ടി പോരടിക്കരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.