മദ്യം നിരോധിച്ച പോലെ വെടിക്കെട്ട് നിരോധിക്കാന്‍ സര്‍ക്കാരിന് ധൈ ര്യമുണ്ടോ? ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

single-img
16 April 2016

CgAMI4BUIAAo0GNപരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ച്ചാത്തലത്തില്‍ ന്യൂസ് ചാനലുകളില്‍ മടുപ്പിക്കുന്ന ചര്‍ച്ചകള്‍ തുടരുകയാണ്. ഈ ചര്‍ച്ചകളിലൊന്നും പൊതുജനത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ സ്ഥാനവുമില്ലായിരുന്നു. ഈ അവസരത്തിലാണ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. ദുരന്തത്തിലെ ഇരകളെ പച്ചയായി കണ്ട ഒരു മനുഷ്യസ്‌നേഹിയുടെ ഹൃദയത്തില്‍ നിന്നും ഉതിര്‍ന്ന വാക്കുകളായതിനാല്‍ പൊതുജനം അവയെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
തൃശൂര്‍പൂരത്തിന് അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ഫേസ്ബുക്ക് പോസ്റ്റിന് കൂടുതല്‍ വ്യത്യസ്തമായ മാനം കൈവരുകയാണ്. പരവൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ നഷ്ടത്തോടൊപ്പം ഇനിയും മരിച്ചുജീവിക്കേണ്ടി വരുന്ന നൂറു കണക്കിന് ഇരകളുടെ ഭാവിയെക്കുറിച്ചും ഡോക്ടറുടെ പോസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു. മദ്യം നിരോധിക്കാന്‍ ധൈര്യം കാണിച്ച ഭരണകൂടത്തിന് ഇത്തരം ഒരു പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ഭയത്തെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. കൂടുതല്‍ വിശദമായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 

[quote arrow=”yes”]

മരിച്ച നൂറിലധികം മനുഷ്യരുടെ കുടുംബത്തേക്കാള്‍ ദാരുണമായിരിക്കും പരിക്കേറ്റു ജീവന്‍ തിരികെ കിട്ടിയവരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയിലെ അവസ്ഥ. മനുഷ്യശരീരത്തില്‍ 40 ശതമാനത്തിലധികം പൊള്ളലേറ്റാല്‍ പിന്നെ ജീവന്‍രക്ഷിക്കാന്‍ തന്നെ പ്രയാസമാണ്. എന്നാല്‍ ആ കണക്കുകള്‍ക്ക് താഴെയുള്ളവര്‍ (വിവിധ ആശുപത്രികളില്‍ മുന്നൂറോളം പേര്‍ ഉണ്ടെന്ന് കേള്‍ക്കുന്നു) ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ ശാരീരികസ്ഥിതി എങ്ങനെ ആയിരിക്കുമെന്ന് അറിയണമെങ്കില്‍ ഗൂഗിളില്‍ BURNS VICTIMS എന്നോ മറ്റോ സേര്‍ച്ച്‌ ചെയ്‌താല്‍ കാണാം. ദീര്‍ഘനാളത്തെ കഠിനമായ മരുന്നുകള്‍ക്കും ചെറുതും വലുതുമായ നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷം പലര്‍ക്കും തിരികെ കിട്ടുന്നത് ജീവന്‍ മാത്രമായിരിക്കും. ജീവിതം തിരിച്ചുപിടിക്കാനാകാത്തവിധം കൈവിട്ടു പോയിട്ടുണ്ടാകും. ശരീരത്തിന്‍റെ വൈകൃതം മാത്രമല്ല പൊള്ളലുകള്‍ അവശേഷിപ്പിക്കുന്നത്. കാഴ്ച, കേള്‍വി എന്നിവ ഒരു ചികിത്സാവിധിക്കും തിരികെ നല്‍കാനാവാത്തവിധം കൈമോശം വന്നിട്ടുണ്ടാകും. മുഖത്തുപൊള്ളലേല്‍ക്കുന്നവര്‍ക്ക് വായ തുറക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയുണ്ടാകും. മൂത്രമൊഴിക്കാനോ മലശോധനയ്ക്കോ സ്ഥായിയായ തകരാറുകള്‍ സംഭവിക്കാം. കൈകാലുകളും കഴുത്തുമെല്ലാം ശരീരത്തോട് ചേര്‍ത്തു കെട്ടിവരിഞ്ഞതുപോലെ ചലിപ്പിക്കാനാവാത്ത അവസ്ഥയുണ്ടാകാം.. പ്ലാസ്റ്റിക് സര്‍ജറികള്‍ക്കും പരിമിതികളുണ്ട്.

ഇത്രയും എഴുതിയത് മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിന് ഒപ്പം തന്നെയാണ്, അല്ലെങ്കില്‍ ഭാവിയില്‍ അതില്‍ കൂടുതലായിരിക്കും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബത്തിന്‍റെതെന്ന് കണ്ടറിവുകളും കേട്ടറിവുകളും കൊണ്ടോര്‍ത്തുപോയത് കൊണ്ടാണ്.

വെടിക്കെട്ടുകള്‍ എന്‍റെ മതത്തിന്‍റെ ആചാരമാണെന്നും എന്‍റെ നാടിന്‍റെ വികാരമാണെന്നും വാദിക്കുന്നവര്‍, നാളെ നിങ്ങള്‍ മറക്കാന്‍ പോകുന്ന പരവൂര്‍ വെടിക്കെട്ടിലെ ഈ മുന്നൂറു കുടുംബങ്ങളെ കൂടി ഓര്‍ക്കണം. അവിടെ ജീവിതം പൊള്ളിപ്പോയ ആയിരത്തിലധികം സാധുക്കളെക്കൂടി ഓര്‍ക്കണം. വാഹനാപകടം ഉണ്ടാകുന്നതുകൊണ്ട് വാഹനങ്ങള്‍ നിരോധിക്കുമോ, ഫുഡ്‌ പോയിസണിംഗ് ഉണ്ടാകുന്നത് കൊണ്ട് ഭക്ഷണം നിരോധിക്കുമോ എന്നൊക്കെ ചോദിക്കുന്നവര്‍ വാഹനമോ ഭക്ഷണമോ പോലെ ജീവിക്കാന്‍ അവശ്യമായതാണോ വെടിക്കെട്ടും ആനക്കമ്പവുമെന്ന് സാമാന്യബുദ്ധിമാത്രം ഉപയോഗിച്ച് ഒന്ന് ചിന്തിച്ചുനോക്കുക. ഒരു നിമിഷനേരത്തെ അശ്രദ്ധകൊണ്ട് സ്വന്തം കൂട്ടുകാരന്റെയോ നാട്ടുകാരന്റെയോ ജീവനും ജീവിതവും നഷ്ടപ്പെടുന്നതിലും വലുതാണോ നിങ്ങളുടെ ഈ ആചാരങ്ങളും ആഘോഷങ്ങളും എന്ന് ചിന്തിക്കുക. അതോ എനിക്കോ എന്‍റെ കുടുംബത്തിലാര്‍ക്കെങ്കിലുമോ ഇതൊക്കെ സംഭവിക്കും വരെ ഇതൊക്കെ നടന്നോട്ടെ എന്നാണോ.. നിയന്ത്രണമാണ് വേണ്ടതെന്നു വാദിക്കുന്നവര്‍, സകലനിയന്ത്രണങ്ങളെയും കാറ്റില്‍ പറത്തിയിട്ടാണ്, നിരവധി നാട്ടുകാരുടെയും ഭരണകൂടത്തിന്‍റെയും വിലക്കുകളെ തൃണവത്ഗണിച്ചിട്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് മറക്കരുത്.

ആചാരങ്ങള്‍ നിരോധിക്കാന്‍ പാടില്ലാന്നു ആരാണ് നിങ്ങളോട് പറഞ്ഞത്? അന്‍പുള്ള ഇല്ലങ്ങളാണ് അമ്പലങ്ങള്‍. അവിടെ ജനങ്ങള്‍ പോകുന്നത് മനസമാധാനത്തിനാണ്. ആചാരങ്ങളും അതിനെ പിന്തുണയ്ക്കുന്നതാകണം. മനുഷ്യന് ഗുണകരമല്ലെങ്കില്‍ ഏതൊരു ആചാരവും മാറണം. സതിയും ശൈശവമംഗല്യങ്ങളും നായരേ പുറത്താക്കലും ക്ഷേത്രപ്രവേശനവിലക്കുമൊക്കെ നിരോധിക്കപ്പെട്ടത് അതൊക്കെ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ‘ആചാരങ്ങള്‍’ ആയതുകൊണ്ടാണ്‌. അതെല്ലാം സംഭവിച്ചതും സകലമാന എതിര്‍പ്പുകള്‍ക്കും നിരവധി സമരങ്ങള്‍ക്കും ശേഷമാണ്.

അതുകൊണ്ട് വെടിക്കെട്ടും ഉത്സവങ്ങള്‍ക്ക് മിണ്ടാപ്രാണികളെ ഉപയോഗിക്കുന്നതും നിയമം കൊണ്ട് നിരോധിക്കുക തന്നെ വേണം. മാതൃഭൂമി ചാനല്‍ നടത്തിയ പോളില്‍ 94 ശതമാനം ആള്‍ക്കാര്‍ ആവശ്യപ്പെട്ടത് ഇതൊക്കെ നിരോധിക്കണമെന്നാണ്. മദ്യം നിരോധിക്കുന്നതിനെ സംബന്ധിച്ച് ഇങ്ങനൊരു പോള്‍ നടത്തിയാല്‍ പോലും അത് ഇതിലും എത്രയോ താഴെയായിരിക്കും. അപ്പോഴും മദ്യം നിരോധിച്ച സര്‍ക്കാരിന് വെടിക്കെട്ട്‌ നിരോധിക്കാന്‍ ഭയം.

സാമാന്യബോധമുള്ള ഏതെങ്കിലും രാഷ്ട്രീയസംഘടന വെടിക്കെട്ട്‌ നിരോധനം അവരുടെ പ്രകടനപ്പത്രികയിലെങ്കിലും ചേര്‍ക്കണമെന്ന് വെറുതേ ആഗ്രഹിച്ചുപോകുന്നു..

[/quote]

 

https://www.facebook.com/drmanoj.vellanad/posts/1248100581886446