വിമർശവുമായി ആരോഗ്യവകുപ്പും;60 മുതൽ 90 ശതമാനം വരെ പൊള്ളലേറ്റവർ കിടക്കുന്ന വാർഡുകളിലായിരുന്നു വി.വി.ഐ.പികൾ സന്ദർശനത്തിനെത്തിയത്;മോദിക്കും രാഹുലിനും ഒപ്പം നിരവധിപേർ ഐ.സി.യുവിലേക്ക് പ്രവേശിച്ചത് ചികിത്സ തടസപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചു

single-img
16 April 2016

807495802

പരവൂർ ദുരന്തത്തിൽ വിവിഐപികളുടെ സന്ദർശനം വീണ്ടും വിവാദമാകുന്നു. ഡി.ജി.പിക്ക് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറാണ് വി.വി.ഐ.പി സന്ദർശനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രി അധികൃതരുടെ വിലക്ക് മറികടന്നാണ് മോദിക്കും രാഹുലിനും ഒപ്പം നിരവധിപേർ ഐ.സി.യുവിലേക്ക് പ്രവേശിച്ചത്. നൂറോളം പേർ വാർഡിലേക്ക് കടന്നുവന്നത് ചികിത്സ തടസപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ നഴ്സുമാരേയും ഡോക്ടർമാരേയും വാർഡുകളിൽ കയറുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. 60 മുതൽ 90 ശതമാനം വരെ പൊള്ളലേറ്റവർ കിടക്കുന്ന വാർഡുകളിലായിരുന്നു വി.വി.ഐ.പികൾ സന്ദർശനത്തിനെത്തിയത്. സർജിക്കൽ വാർഡിലെ നഴ്സുമാരോട് 30 മിനിറ്റോളം പുറത്തുനിൽക്കാൻ പ്രധാനമന്ത്രിയുടെ സുരക്ഷവിഭാഗം ആവശ്യപ്പെട്ടു. ചികിത്സ ലഭ്യമാകേണ്ടിയിരുന്ന ഏറ്റവും നിർണായക സന്ദർഭത്തിലാണ് പരിക്കേറ്റവർക്ക് ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെയല്ല, വി.വി.ഐ.പികളോടൊപ്പം നിരവധിപേർ തള്ളിക്കയറിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകുന്ന വിശദീകരണം. രക്ഷാപ്രവർത്തനം നടത്തുന്ന സന്ദർഭത്തിൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടിവന്നത് പൊലീസിന് തലവേദന സൃഷ്ടിച്ചുവെന്ന് ഡി.ജി.പി. ടി.പി. സെൻകുമാർ ഇന്നലെ പറഞ്ഞിരുന്നു.

ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.രമേശ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെയ്ക്കുമെന്നാണു കരുതുന്നത്