വരള്‍ച്ചയിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്കായി ഒറ്റദിവസം കൊണ്ട് നാനാ പടേക്കര്‍ സമാഹരിച്ചത് 80 ലക്ഷം

single-img
16 April 2016

1579941

വരള്‍ച്ചയും കൃഷിനാശവും കാരണം ദുരിതം അനുഭവിക്കുന്ന കർഷകർക്കായി ഒറ്റദിവസം കൊണ്ട് നാനാ പടേക്കര്‍ സമാഹരിച്ചത് 80 ലക്ഷം . സിനിമാ താരങ്ങളും സെലിബ്രിറ്റികളുമെല്ലാം മടിച്ചു നില്‍ക്കുമ്പോള്‍, നാനാ പടേക്കറുടെ ‘നാം ഫൗണ്ടേഷന്‍’ ഒറ്റ ദിവസം കൊണ്ട് 80 ലക്ഷം രൂപ സമാഹരിച്ചു. ജനങ്ങള്‍ സഹായ മനസ്‌കരല്ലെന്ന് വെറുതെ പറയുന്നതാണെന്നും തങ്ങള്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിച്ചവരില്‍ എത്തുമെന്ന് ഉറപ്പുണ്ടെങ്കില്‍ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവരുമെന്നതിന്റെ തെളിവാണിതെന്നും പടേക്കർ പറഞ്ഞു.

‘ആത്മഹത്യ ചെയ്യരുത്. പകരം എന്നെ വിളിക്കൂ…’ എന്ന പടേക്കറുടെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.’കര്‍ഷകര്‍ക്കു വേണ്ടി നാനയെ സഹായിക്കുക’ #HelapNana4Farmers എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ടോപ് ട്രെന്‍ഡായി മാറിയിട്ടുണ്ട്. നാം ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് വഴി ആര്‍ക്കും സംഭാവനകള്‍ നല്‍കാം.
നാടെങ്ങും വെള്ളം തേടി ആളുകള്‍ അഭയാര്‍ഥികളാവുകയാണ്. ഒരിറ്റു കുടിവെള്ളം കിട്ടാതെ ജനം നരകിക്കുമ്പോള്‍ എങ്ങനെയാണ് ഐപിഎല്‍ മാച്ച് നടത്തി നമ്മള്‍ ആഹ്ലാദിക്കുക.കൊടുംവരള്‍ച്ചയില്‍ ഉണങ്ങിവരണ്ട മഹാരാഷ്ട്രയില്‍ നിന്നും 13 ഐ.പി.എല്‍ മാച്ചുകള്‍ മാറ്റണമെന്ന കോടതിയുടെ നിര്‍ദ്ദേശം മഹാരാഷ്ട്രയുടെ വരള്‍ച്ചയ്ക്ക് പരിഹാരമൊന്നുമാകില്ലയെങ്കിലും മികച്ച ഒരു മാതൃകയാണിതെന്ന് പടേക്കർ പറഞ്ഞിരുന്നു

ആരെങ്കിലും നിങ്ങളുടെ കാറിന്റെ വിന്‍ഡോഗ്ലാസ്സില്‍ തട്ടിവിളിച്ചാല്‍ അവരോട് യാചകരോടെന്നപോലെ പെരുമാറാതിരിക്കൂ. കുടിവെള്ളവും ഭക്ഷണവും പോലുമില്ലാതെ പ്രാഥമികസൗകര്യങ്ങള്‍ക്കുപോലും വഴിയില്ലാത്ത കര്‍ഷകരാണവര്‍. നമുക്ക് ഒരാളെയെങ്കിലും സഹായിച്ച് നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാം. അത്ര പ്രയാസമുള്ള കാര്യമല്ല അത്. ഭരണകൂടം വരള്‍ച്ച മുന്‍കൂട്ടി കണ്ട് അതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ നടത്തിയിരുന്നെങ്കില്‍ ഇത്രയും ഭീകരമായ അവസ്ഥ ഉണ്ടാകില്ലായിരുന്നു. രാഷ്ട്രീയക്കാര്‍ എന്ന നിലയില്‍ അവരും പൗരന്‍മാര്‍ എന്നനിലയില്‍ നമ്മളും പരാജയപ്പെട്ടിരിക്കുന്നു. വ്യവസ്ഥിതിയെ നമ്മള്‍ ചോദ്യം ചെയ്യാതെ മൗനം പാലിക്കുന്നതാണ് കുറ്റകരം. ആളുകള്‍ മരിക്കുന്നത് കാണാതിരിക്കാന്‍ മാത്രം അന്ധരാണോ നാം.
പ്രത്യുഷ ബാനര്‍ജി ആത്മഹത്യചെയ്തതും ഇന്ദ്രാണി മുഖര്‍ജി എത്ര തവണ വിവാഹം കഴിച്ചു എന്ന തരം വാര്‍ത്തകള്‍ മാത്രമാണോ ഒന്നാം പേജില്‍ നിറയ്‌ക്കേണ്ടത്? നാനാ പടേക്കര്‍ മാധ്യമങ്ങളുടെ സെന്‍സേഷണന്‍ ന്യൂസ് സംസ്‌കാരത്തിനെതിരെയും ആഞ്ഞടിച്ചു.