പരവൂര്‍ ദുരന്തം: മത്സരകമ്പം കരാറുകാരന്റെ പിടിവാശി മൂലമെന്ന് ക്ഷേത്രം ഭാരവാഹികള്‍; നാല് പേര്‍ കൂടി കസ്റ്റഡിയില്‍

single-img
16 April 2016

12938187_260483350954533_7420722283873587970_n

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം കമ്മിറ്റിയുടെ വിലക്ക് മറികടന്ന് കരാറുകാരന്‍ സുരേന്ദ്രന്‍ കരിമരുന്നുമായി എത്തിയതാണ് പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് കാരണമായതെന്ന് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. ക്ഷേത്രം ഭാരവാഹികളായ ഏഴു പ്രതികളുടെ മൊഴികളിലും ഇക്കാര്യം പറയുന്നുണ്ട്. മല്‍സരവെടിക്കെട്ടിന് അനുമതിയില്ലെന്നും കരിമരുന്ന് തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും സുരേന്ദ്രന്‍ തയാറായില്ലെന്നാണു പ്രതികൾ നൽകിയിരിക്കുന്ന മൊഴി.

അതേസമയം പരവൂര്‍ വെടിക്കെട്ടപകടത്തില്‍ നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. വെടിക്കെട്ട് കരാറുകാരന്‍ കൃഷ്ണന്‍ കുട്ടിയുടെ തൊഴിലാളികളായ അശോകന്‍, തുളസി എന്നിവരടക്കം നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണന്‍ കുട്ടിക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. റിമാന്‍ഡ് പ്രതികളെ വിട്ടുകിട്ടാന്‍ വിജിലന്‍സ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

വെടിക്കെട്ട് മല്‍സരമൊഴിവാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതികളായ ഏഴ് ക്ഷേത്ര ഭാരവാഹികളും ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു. മല്‍സരക്കമ്പമാണ് ലക്ഷ്യമിട്ടെതങ്കിലും നിരോധനത്തിന് ശേഷം ആചാരവെടിക്കെട്ടിന് എഡിഎം അഴിമതി നല്‍കി. തുടര്‍ന്ന് മല്‍സരിക്കാനെത്തിയ സുരേന്ദ്രനോട് വെടിമരുന്നിന്റെ പണം തരാമെന്നും സാധനങ്ങള്‍ തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വിജയിയായ വര്‍ക്കല കൃഷ്ണന്‍ കുട്ടിയെക്കൊണ്ട് ആചാരവെടിക്കെട്ട് നടത്താനും ദേവസ്വം തീരുമാനിച്ചു. എന്നാല്‍ വാങ്ങിയ വെടിമരുന്ന് നശിപ്പിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും ആചാരവെടിക്കെട്ടിനൊപ്പം പൊട്ടിക്കുമെന്നും സുരേന്ദ്രന്‍ വാശി പിടിച്ചു. തുടര്‍ന്ന് വെടിക്കെട്ട് മല്‍സരമായി മാറുകയും ദുരന്തത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി.