സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം ഏറ്റവും ഭംഗിയായി നടത്തും: മുഖ്യമന്ത്രി

single-img
15 April 2016

Thrissur_pooram_one_of_a_kind_51

കോടതി നിയമങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷാ നിയന്ത്രണങ്ങളോടെ പൂരം അതിന്റെ തനിമ ചോരാതെ ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും.പതിവുപോലെ ആനയെഴുന്നെള്ളത്ത് പൂരത്തിനുണ്ടാകും. എഴുന്നെള്ളത്തിനുള്ള മാനദണ്ഡവും നടപ്പാക്കും. നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം. ആഘോഷങ്ങൾക്കൊപ്പം സുരക്ഷയും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം നടത്തിപ്പിലെ ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കൊല്ലം നടത്തിയ പോലെ പൂരം ഏറ്റവും ഭംഗിയായി നടത്താനാണ് ഇന്ന് നടന്ന ആലോചനാ യോഗത്തില്‍ തീരുമാനമായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. വിദേശരാജ്യങ്ങളിലേതു പോലെ ശബ്ദം കുറഞ്ഞ കൂടുതല്‍ വര്‍ണപൊലിമ നല്‍കുന്ന ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന വെടിക്കെട്ട് നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ നല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

തൃശൂർ പൂരം വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളിൽ ഹൈക്കോടതി ഉപാധികളോടെ ഇളവനുവദിച്ചിരുന്നു. പൂരം തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ പൂരം നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. വെടിക്കെട്ടിന് നിരോധിത വെടിമരുന്നുകൾ അനുവദിക്കില്ല. ശബ്ദനിയന്ത്രണം പാലിക്കുന്നുവെന്ന കാര്യം കർശനമായി ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 2007ൽ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികൾ അനുസരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.