ലോകമൊട്ടാകെ കടുവകളുടെ വംശവര്‍ധനയ്ക്കായി ഇന്ത്യ മുന്നിട്ടിറങ്ങുന്നു; ആദ്യഘട്ടത്തില്‍ 13 കടുവകള്‍ കമ്പോഡിയയ്ക്ക് കൈമാറും

single-img
15 April 2016

tiger_sitting_majestic-t2ലോകമൊട്ടാകെ കടുവകളുടെ എണ്ണം ആനുപാതികമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും 13 ഏഷ്യന്‍ കടുവകളെ കമ്പോഡിയയ്ക്ക് കൈമാറും. കടുവകളുടെ നിലനില്‍പ്പിന് കടുത്ത ഭീഷണി നേരിടുന്ന രാജ്യങ്ങളായിരിക്കും ഈ പദ്ധതിയുടെ ഉപഭോക്താക്കള്‍. സമാനമായി റഷ്യയില്‍ നിന്നും അമുര്‍ കടുവകളെ കസഖ്സ്ഥാനും കൈമാറ്റം ചെയ്യും.

 
2010-ല്‍ 3200 ആയിരുന്ന കടുവകളുടെ എണ്ണം ആഗോളതലത്തില്‍ 3,900 ആയിരിക്കയാണ്. ഇന്ത്യയിലിത് 2,226 ആയിരിക്കുകയാണ്. 2022 ഓടെ കടുവകളുടെ എണ്ണം ഇരട്ടിയിലധികമാക്കണമെന്നാണ് കടുവകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതിസംഘടനയായ ഗ്ലോബല്‍ ടൈഗര്‍ ഫോറം പ്രതീക്ഷിക്കുന്നത്.

 
ഇരകളുടെ ലഭ്യത, ആവാസവ്യവസ്ഥ ഇവയെല്ലാം കണക്കിലെടുത്തു മാത്രമേ കടുവകളുടെ കൈമാറ്റം നടപ്പിലാക്കുകയുള്ളു. ഇതിനിടെ കടുവകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഏതു രാജ്യവുമായും സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു.
ആഗോളതലത്തില്‍ മാത്രമല്ല ഇന്ത്യയ്ക്കുള്ളിലെ വിവിധ കടുവാസംരക്ഷണകേന്ദ്രങ്ങളിലെ കടുവകളുടെ എണ്ണത്തിലും ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കുകയാണ്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഓരോ 100 ചതുരശ്ര കിലോമീറ്ററിലും 20 കടുവകള്‍ എന്ന കണക്കില്‍ ആകെ 260 കടുവകള്‍ ഉള്ളപ്പോള്‍ ചില കടുവാസങ്കേതങ്ങളില്‍ പത്തിനു താഴെ മാത്രമാണ് അവയുടെ എണ്ണം. ഈ സാഹചര്യം മനസ്സിലാക്കി ഇന്ത്യക്കുള്ളിലെ വിവിധ കടുവാസംരക്ഷണകേന്ദ്രങ്ങള്‍ തമ്മില്‍ ഒരു പരസ്പരധാരണയുണ്ടാക്കി കടുവകളുടെ എണ്ണം ആനുപാതികമായി നിലനിര്‍ത്തുന്ന തരത്തില്‍ കടുവകളെ കൈമാറ്റം ചെയ്യേണ്ടതായി വരുമെന്ന് ഗ്ലോബല്‍ ടൈഗര്‍ ഫോറത്തിന്റെ സി.ഇ.ഒ. കേശവ് ശര്‍മ ചൂണ്ടിക്കാട്ടുന്നു.