വടകര അഴിയൂരില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത

single-img
15 April 2016

padakkam

അഴിയൂരില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു. പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ട കക്കടവില്‍ ബംഗ്ലാവില്‍ താഴെ രാഹുല്‍ ജിത്ത്(24)ആണ് മരിച്ചത്. ഇന്നലെ അഞ്ചുമണിയോടെയായിരുന്നു സ്‌ഫോടനം.സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.അതേസമയം സിപിഎം പ്രവര്‍ത്തകനായ രാഹുല്‍ജിത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി വിവിധ സംഘടനകള്‍ രംഗത്തു വന്നു.

ഉഗ്രസ്‌ഫോടനത്തില്‍ സ്ഥലത്ത് നിന്നു തെറിച്ച ചീള് കഴുത്തില്‍ തറക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റു കുഴഞ്ഞു വീണ രാഹുല്‍ജിത്തിനെ സുഹൃത്തുക്കള്‍ ഉടന്‍ ഓട്ടോറിക്ഷയില്‍ മാഹി ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊട്ടിച്ചത് പടക്കമല്ലെന്നും ബോംബാണെന്നുമുള്ള ആരോപണവുമായി ആര്‍എംപിയും ആര്‍എസ്എസും രംഗത്തുവന്നു. തെരഞ്ഞെടുപ്പില്‍ കുഴപ്പമുണ്ടാക്കുന്നതിനു വേണ്ടി നിര്‍മിച്ച ബോംബാണ് പരീക്ഷിച്ചതെന്ന് സംഘടനകള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

വിഷു ആഘോഷത്തിന് കൊണ്ടുവന്ന പടക്കത്തിലെ കരിമരുന്ന് ഉപയോഗിച്ച് വീട്ടുപരിസരത്ത് നിര്‍മിച്ച പടക്കം രാഹുല്‍ജിത്ത് ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കക്കടവില്‍ ബൈക്കില്‍ കൊണ്ടുവന്നു പൊട്ടിക്കുകയായിരുന്നുവെന്നാണ് വിവരം. നിര്‍മാണ തൊഴിലാളിയായ രാഹുല്‍ജിത്ത് ബംഗ്ലാവില്‍താഴ വാസുദേവന്റെയും പ്രസന്നയുടെയും മകനാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമൂണ്ടാവൂ. അപകടം നടന്ന സ്ഥലത്ത് ചോമ്പാല പോലീസ് പരിശോധന നടത്തി. വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.