ആത്മഹത്യാശ്രമ ആരോപണത്തെ കുറിച്ച് പ്രിയങ്ക മനസ്സുതുറക്കുന്നു.  

single-img
13 April 2016

news_1439908272_fecb864874b6fae8a62edd_3

മുൻ മാനേജർ പ്രകാശ്‌ ജാജു മുന്നോട്ടു വച്ച പഴയകാല ആത്മഹത്യാശ്രമങ്ങളെ പറ്റിയുള്ള ആരോപണങ്ങളിൽ പ്രിയങ്ക ചോപ്ര അവസാനം പ്രതികരിച്ചു. സീരിയൽ  അഭിനേത്രി പ്രത്യുഷ ബാനർജിയുടെ അപ്രതീക്ഷിത മരണത്തിൽ ടെലിവിഷൻ ലോകം വിറങ്ങലിച്ച്   നില്ക്കവേ ആണ് സിനിമ രംഗത്തെ നടികൾക്കും  ആത്മഹത്യ പ്രവണത ഒട്ടും കുറവല്ല എന്ന് ജാജു വെളിപ്പെടുത്തിയത്. ട്വിറ്റർ സന്ദേശങ്ങളിലൂടെ അദ്ദേഹം പ്രിയങ്കയുടെ ബോളിവുഡിലെ ആദ്യകാലങ്ങളിലെ  ആത്മഹത്യാ ശ്രമങ്ങളെ പറ്റി പറഞ്ഞുവച്ചു.  മോൻട്രിയോളിൽ ക്വന്റിക്കോയുടെ ഷൂട്ടിങ്ങിൽ വ്യാപൃതയായിരുന്ന  പ്രിയങ്ക ഇതിനോട് പ്രതികരിച്ചിരുന്നില്ല.എന്നാൽ പദ്മശ്രീ സ്വീകരിക്കാൻ ഈയിടെ ദില്ലിയിൽ എത്തിയ നടി  ജാജുവിന്റെ ആരോപണങ്ങൾ ആധികാരികതയില്ലാത്തവയാണെന്നു പ്രസ്താവിച്ചു.

2002 ഇൽ മുൻ കാമുകനെന്നു പറയപ്പെടുന്ന അസീം മെർചന്റിന്റെ മാതാവ് മരിച്ചതിനെ തുടർന്ന് പ്രിയങ്ക ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന് ജാജു പറഞ്ഞു.

“എന്നെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ ജയിൽ വാസം  അനുഭവിച്ച ഒരാളുടെ വാക്കുകൾക്കു മാധ്യമങ്ങൾ ഇത്രമാത്രം ആധികാരികത കൊടുക്കുന്നത് വളരെ സങ്കടമുളവാക്കുന്ന കാര്യമാണ്. അയാൾ പറയുന്നതിന് ഒരു ആധികാരികതയുമില്ല. അതിനാൽ എനിക്ക് അതിനെ പറ്റി ഒന്നും പറയാൻ ഇല്ല  ” പ്രിയങ്ക പറയുന്നു

മുൻ  കാമുകനെന്നു പറയപ്പെടുന്ന അസീം മെർചന്റ്റുമായുള്ള പ്രിയങ്കയുടെ അത്ര നല്ലതല്ലാത്ത ബന്ധവും ജാജു മാധ്യമങ്ങള്ക്ക് മുന്നിലേക്ക് വലിച്ചിഴയ്ക്കുന്നു.  അവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും അതിനെ തുടർന്നു  ഒരിക്കൽ ആത്മഹത്യ ചെയ്യാൻ മുംബൈയിലെ വാസയിലേക്ക് പുറപ്പെട്ട പ്രിയങ്കയെ പിന്തിരിപ്പിച്ചത് താനാണെന്നും ജാജു പറയുന്നു.

പ്രിയങ്കയുടെ മാതാവ് മധു ചോപ്ര നേരത്തെ തന്നെ ഇതെല്ലാം  ഒരു കള്ളന്റെ ഭാവനാവിലാസമാണെന്നു പറഞ്ഞു ട്വിറ്ററിൽ രംഗത്ത്  വന്നിരുന്നു. ഇത് ജാജു പ്രതികാരബുദ്ധിയോടെ ചെയ്തതാണെന്നും മുന്പ് അയാളുടെ പ്രവർത്തികൾ  കാരണം  അയാൾ ജയിലിൽ പോയിട്ടുണ്ടെന്നും അവർ പറഞ്ഞു.

പ്രിയങ്കയും പ്രകാശ് ജാജുവും തമ്മിൽ അത്ര രസത്തിലല്ല എന്നുള്ളത് ഒരു രഹസ്യമല്ല. അവിചാരിതമായി ഒരു ദിവസം പെട്ടെന്ന് പ്രിയങ്ക കരാർ  പിൻ വലിച്ചതിനെ തുടർന്ന് ജാജു മുംബൈയിൽ കോടതിയെ സമീപിക്കുകയുണ്ടായി. അതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു.

2008 ഇൽ തന്റെ മകളുടെ സ്വകാര്യതയിൽ കടന്നു കയറുന്നതായി ആരോപിച്ചു പ്രിയങ്കയുടെ പിതാവ് ജാജുവിനെതിരെ പരാതി നല്കുകയും അതിനെ തുടർന്ന് ജാജു 67 ദിവസം ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.