സുന്ദരനാകാൻ കണ്ണൂര്‍ ജയിലില്‍ പോകാം;കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള  ബ്യൂട്ടി പാര്‍ലര്‍

single-img
6 April 2016

salon1കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ നേതൃത്വത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുന്നു. ശീതീകരിച്ചതും അത്യാധുനിക സൗകര്യങ്ങളുള്ളതുമായ ബ്യൂട്ടിപാര്‍ലര്‍ നിര്‍മാണ പ്രവൃത്തി സെന്‍ട്രല്‍ ജയില്‍ പ്രധാനകവാടത്തിനടുത്ത് തുടങ്ങി. ഏപ്രില്‍ 20നകം ആയിരിക്കും ഉദ്ഘാടനം. പുറത്ത് നിലവിലുള്ളതിന്റെ പകുതി നിരക്കായിരിക്കും ഇവിടെ ഈടാക്കുക
സെന്‍ട്രല്‍ ജയിലിലേക്കുള്ള പ്രവേശനകവാടത്തിനടുത്തുള്ള ജനറേറ്റര്‍ മുറി കുറേക്കാലമായി ഉപയോഗിക്കാതെയിട്ടിരിക്കുകയാണ്. 700 ചതുരശ്ര അടിയുള്ളതാണ് കെട്ടിടം. മുറിയില്‍ എ.സി.യൊരുക്കും. ഫ്രീഡം ബ്യൂട്ടിപാര്‍ലര്‍ എന്ന പേരാണ് പരിഗണനയിലുള്ളത്.

വിവിധതരം ഫേഷ്യലുകള്‍, മുടിവെട്ടല്‍, ഷേവിങ്, മുടി കറുപ്പിക്കല്‍, ത്രെഡ് ചെയ്യല്‍ എന്നിങ്ങനെ മികച്ച ബ്യൂട്ടിപാര്‍ലറുകളില്‍ ചെയ്യുന്നതെന്തും ഇവിടെ ചെയ്തുകൊടുക്കും. ബ്യൂട്ടീഷ്യന്‍ കോഴ്സ് കഴിഞ്ഞ 30 തടവുകാര്‍ ജയിലിലുണ്ട്. ആറു പേരെ ആദ്യഘട്ടത്തില്‍ ജോലിക്ക് നിര്‍ത്തും. പുരുഷന്മാര്‍ക്കുള്ള ബ്യൂട്ടിപാര്‍ലറായാണ് പ്രവര്‍ത്തിക്കുക. കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് തടവുകാര്‍ക്ക് ബ്യൂട്ടീഷ്യന്‍ കോഴ്‌സില്‍ പരിശീലനം നല്‍കിയത്. ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുന്ന കാര്യം അറിയിച്ചപ്പോള്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.