പനാമ കള്ളപ്പണ വെളിപ്പെടുത്തൽ:ഐസ്ലാൻഡ് പ്രധാനമന്ത്രി രാജിവെച്ചു;പ്രതിഷേധത്തെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയമിച്ച് നവാസ് ഷെരീഫ്;വെളിപ്പെടുത്തൽ ചൈനക്കാർ അറിയാതിരിക്കാൻ വാർത്തകൾ സെൻസർ ചെയ്ത് ചൈനീസ് സർക്കാർ

single-img
6 April 2016

panamanew-jpg
മദ്ധ്യ​ അമേരിക്കൻ രാജ്യമായ പനാമയിലെ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ള ലോകനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ലിസ്റ്റ് ചോർന്നതിനു പിന്നാലെ ലോക നേതാക്കളുടെ തലകൾ ഉരുണ്ടു തുടങ്ങി.ആരോപണ വിധേയനനായ ഐസ്ലാന്റ് പ്രധാനമന്ത്രി സിഗ്മണ്ടു ഗുലാങ്‌സന്‍ രാജി വച്ചു. കുടുംബത്തിനെതിരായ ആരോപണം സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് പറഞ്ഞു.അതേസമയം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ കുടുബത്തിനെതിരേയുള്ള വെളിപ്പെടുത്തൽ വാർത്തകൾ ചൈനയിൽ അറിയാതിരിക്കാനുള്ള ശ്രമങ്ങൾ ചൈനീസ് സർക്കാർ സ്വീകരിച്ചു.പനാമ കള്ളപ്പണ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള വാർത്തകൾ സർക്കാർ സെൻസർ ചെയ്തിരിക്കുകയാണു.വെബ്സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലും പോസ്റ്റ് ചെയ്ത വാർത്തയും ചൈനക്കാർക്ക് ലഭ്യമല്ലെന്നാണു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

പനാമയിലെ മോസേക് ഫൊന്‍സേക കമ്പനിയില്‍ നിന്ന് പുറത്തായ രേഖകള്‍ പ്രകാരം സിഗ്മണ്ടു ഗുലാങ്‌സനും ഭാര്യയും ചേര്‍ന്ന് 2007ലാണ് വിന്‍ട്രിസ് എന്ന പേരില്‍ കമ്പനി സ്വന്തമാക്കുന്നത്. 2009ല്‍ പാര്‍ലമെന്റ് അംഗമായ സമയത്ത് ഈ കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. അധികാരത്തിലെത്തി 8 മാസങ്ങള്‍ക്ക് ശേഷം ഓഹരിയില്‍ പകുതിയും ഭാര്യയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു.പനാമ കള്ളപ്പണ വെളിപ്പെടുത്തൽ വന്നതിനു പിന്നാലെ സിഗ്മണ്ടു ഗുലാങ്‌സൻ രാജി വെയ്ക്കുക ആയിരുന്നു.

രേഖകള്‍ പ്രകാരം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ അടുത്ത അനുയായികള്‍ക്ക് നേരെ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുതിന്റെ പേര് നേരിട്ട് പരാമര്‍ശിക്കപ്പെട്ടിട്ടില്ല, സൗദി അറേബ്യയുടെ രാജാവ്, ഉക്രൈന്‍ പ്രസിഡന്റ് എന്നിവര്‍ക്കും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ളതായി ആരോപണമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്‍രെ കുടുബത്തിനും ഇവിടെ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഫിഫ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ ജുവാന്‍ പെഡ്രോ ഡാമിനിക്ക് കള്ളപ്പണഇടപാടുകാരുമായി ബിസിനസ്സ് ബന്ധങ്ങളുള്ളതായും ഫുട്‌ബോള്‍ താരം മെസ്സിക്കും പിതാവിനും ഒരു ഷെല്‍ കമ്പനിയുടെ ഉടമസ്ഥതതയുള്ളതായും രേഖകളുണ്ട്.