കട്ടിയുള്ള ചുവരുകള്‍ക്കപ്പുറത്തുള്ള കാഴ്ചകള്‍ പോലും സാധ്യമാക്കുന്ന തെര്‍മ്മല്‍ റെഡാറുകള്‍ സ്വയം നിര്‍മ്മിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം

single-img
22 March 2016

police-radar

കട്ടിയുള്ള ചുവരുകള്‍ക്കപ്പുറത്തുള്ള കാഴ്ചകള്‍ പോലും സാധ്യമാക്കുന്ന തെര്‍മ്മല്‍ റെഡാറുകള്‍ സ്വയം നിര്‍മ്മിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം. ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് കീഴിലെ എല്‍ആര്‍ഡിഇ എന്ന സ്ഥാപനമാണ് നിര്‍ണ്ണായക റഡാറിന്റെ കണ്ടുപിടുത്തത്തിന് പിന്നിലുള്ളത്. ജനങ്ങള്‍ ഭീകരന്‍മാരാല്‍ ബന്ദികളാക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലും ഒളിയാക്രമണങ്ങളിലും ഈ പുതിയ ഉപകരണം സൈന്യത്തിന് കൂട്ടുണ്ടാകും.

30 സെന്റി മീറ്റര്‍ വരെ കനമുള്ള ചുവരുകള്‍ക്കപ്പുറത്തെ ദൃശ്യങ്ങള്‍ ദിവ്യചക്ഷു എന്ന് പേരിട്ടിരിക്കുന്ന തെര്‍മ്മല്‍ റഡാര്‍ വഴി കാണാനാകും. ചുവരിനപ്പുറം 20 മീറ്റര്‍ വരെ അകലത്തിലുണ്ടാകുന്ന ചലനങ്ങളും റഡാറിലൂടെ തിരിച്ചറിയാനാകും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനത്തില്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്.

ഭീകരവാദികളും മറ്റും ബന്ദികളാക്കുന്ന സന്ദര്‍ഭങ്ങളില്‍ മുറികളിലെ മനുഷ്യരുടെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് കാഴ്ചകള്‍ കാണിച്ചു തരാന്‍ റഡാറിനാകും. ഈ ചലനങ്ങളെ അടിസ്ഥാനപ്പെടുത്തി ആരാണ് ബന്ദികളെന്ന് കണ്ടെത്താന്‍ സൈനികര്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും വിദഗ്ദര്‍ പറയുന്നു. ചുവരിനപ്പുറത്തെ വസ്തുക്കളുടെ ചൂടിനെ അടിസ്ഥാനമാക്കിയാണ് ദിവ്യചക്ഷു കാഴ്ചകളെ പകര്‍ത്തുന്നത്.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇത്തരമൊരു റഡാറിനുവേണ്ടി സൈന്യം ഗവേഷണം ആരംഭിച്ചത്. അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ പൊലീസ് സ്റ്റേഷന്‍ ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രണം എന്നിവയും ഇതിന്റെ ഗവേഷണങ്ങള്‍ മവഗത്തിലാക്കി. ഇത് നിര്‍മ്മിക്കുന്നതിന് 2010ല്‍ ആരംഭിച്ച ശ്രമങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ വിജയകരമായി പൂര്‍ത്തിയാകും. നിലവില്‍ ഇത്തരത്തിലുള്ള യാതൊരു ഉപകരണവും ഇന്ത്യന്‍ സൈന്യത്തില്‍ ഇല്ല. പ്രാദേശികമായി നിര്‍മ്മിച്ചതിനാല്‍ ഇന്ത്യന്‍ തെര്‍മ്മര്‍ റഡാറിന് 35 ലക്ഷം രൂപ മാത്രമാണ് വില. സമാനമായ ഉപകരണത്തിന് ആഗോളവിപണിയില്‍ രണ്ട് കോടിരൂപയോളമാണ് വിലവരുന്നത്.