ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സ്‌ഫോടന പരമ്പര: 23 പേര്‍ കൊല്ലപ്പെട്ടു

single-img
22 March 2016

Brasals

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ഉണ്ടായ ഉഗ്രസ്‌ഫോടനങ്ങളില്‍ 23 പേര്‍ മരിച്ചു. 35 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാവെന്റം വിമാനത്താവളത്തിലുണ്ടായ ശക്തമായ ഇരട്ട സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.ചാവേര്‍ സ്‌ഫോടനമാണ് വിമാനത്താവളത്തിനുള്ളില്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് നിന്നും ആളുകളെ ഒഴിപ്പിച്ച് വിമാനത്താവളം അടച്ചു. വിമാനത്താവളത്തിലെ സ്‌ഫോടനത്തിനു പിന്നാലെ മെല്‍ബീക്ക് മെട്രോ സ്റ്റേഷനിലും സ്‌ഫോടനമുണ്ടായി. ഇവിടെയും 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ മുഴുവന്‍ വ്യോമ-റെയില്‍ സര്‍വീസുകളും റദ്ദാക്കി. ബ്രസല്‍സില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ സ്‌ഫോടനത്തിനു മുന്‍പ് വെടിവയ്പ്പുണ്ടായി.

സ്‌ഫോടനത്തിനു പിന്നാലെ വിമാനത്താവളത്തിനുള്ളിലെ കെട്ടിടത്തില്‍ നിന്നും കനത്തതോതില്‍ പുക ഉയര്‍ന്നു. സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ വിറച്ചെന്നും യാത്രക്കാര്‍ പരിഭ്രാന്തരായി ഓടിയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തും യൂറോപ്പിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.