പോസ്റ്റ് ഓഫീസ് നിക്ഷേപമുള്‍പ്പെടെ രാജ്യത്തെ സാധാരണക്കാര്‍ അംഗങ്ങളാവുന്ന ജനപ്രിയ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു

single-img
19 March 2016

arun-jaitley21

വലിയ വിഭാഗം ജനങ്ങളും അംഗങ്ങളാവുന്ന ജനപ്രിയ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചു. പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്തണമെന്ന ബജറ്റ് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന്റെ പിറകേയാണ് അതിനു പ്രതികാരമെന്നവണ്ണം ഈ നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. വലിയ വിഭാഗം ജനങ്ങളും അംഗങ്ങളാവുന്ന പദ്ധതികളുടെ പലിശ നിരക്ക് കുറച്ച തീരുമാനം സാമാന്യജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 8.7 ല്‍ നിന്ന് 8.1 ശതമാനമായി നിരക്ക് കുറച്ചു. കിസാന്‍ വികാസ് പത്രയുടെ നിരക്കായിരുന്ന 8.7ശതമാനത്തില്‍ നിന്ന് 7.8 ആയും കുറച്ചു. ജനപ്രിയ പദ്ധതിയായ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നിരക്ക് 8.4 ല്‍ നിന്ന് 7.4 ആയും കുറച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കു നല്‍കിയിരുന്ന പലിശ നിരക്കായ 8.4 വെട്ടിക്കുറച്ച് 7.2 ആക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ നിക്ഷേപത്തിലേര്‍പ്പെടുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ നിരക്കായ 8.4 നന്നായി വെട്ടിചുരുക്കി 7.1 ആക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.