മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജ്ഞാപനം പറുപ്പെടുവിച്ചു

single-img
18 March 2016

20761

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവരാവകാശ നിയമം അട്ടിമറിച്ച് വിജിലന്‍സിനെ പരിധിയില്‍ നിന്നും ഒഴിവാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഉന്നതരുടെ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയാണ് വിജ്ഞാപനം. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യേഗസ്ഥര്‍ എന്നിവരുടെ പേരിലുളള അന്വേഷണ വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല.

മന്ത്രിസഭയുടെ അഴിമതികള്‍ മൂടിവെക്കാനായാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. പ്രസ്തുത തസ്തികകളിലുളളവരുടെ പേരില്‍ വിജിലന്‍സ് ഡയറക്റ്റര്‍ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങള്‍ ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഈ കേസുകളില്‍ സിബിഐക്കോ ലോകായുക്ത തുടങ്ങിയ ഏജന്‍സികള്‍ക്കോ വിജിലന്‍സ് നല്‍കുന്ന രേഖകളുടെ പകര്‍പ്പും ഇനിമുതല്‍ ലഭിക്കില്ലെന്നും വിജ്ാപനത്തില്‍ സൂചനയുണ്ട്.

മാത്രമല്ല, മുന്‍ എംഎല്‍എമാര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലുളള അഴിമതി കേസുകളുടെ വിവരങ്ങളും പുതിയ നിയമം അനുസരിച്ച് ഇനി ലഭിക്കില്ല. മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കമുളളവരുടെ അഴിമതിക്കേസുകള്‍ സംബന്ധിച്ച് വിജിലന്‍സില്‍ നിന്നുളള യാതൊരുവിവരവും സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഇനിമേല്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല.